ഈ പാട്ടും ഈണവും എന്റേതാണ്, ഷാന്‍ റഹ്‌മാനോട് പറഞ്ഞപ്പോള്‍ എന്നെ ബ്ലോക് ചെയ്തു, സിനിമാക്കാര്‍ അവഗണിച്ചു: ഗായകന്‍ സത്യജിത്ത്

ഷാന്‍ റഹ്‌മാനെതിരെ ആരോപണവുമായി ഗായകനും സംഗീത സംവിധായകനുമായ സത്യജിത്ത്. ഒമര്‍ ലുലു ചിത്രം ‘അഡാര്‍ ലവി’ലെ ‘ഫ്രീക്ക് പെണ്ണേ’ എന്ന ഗാനം തന്റേതാണെന്ന് പറഞ്ഞു കൊണ്ടാണ് സത്യജിത്തിന്റെ പോസ്റ്റ്. താന്‍ ഈണം നല്‍കിയ ഗാനം ഷാന്‍ റഹ്‌മാന്‍ സ്വന്തം പേരില്‍ പുറത്തിറക്കി എന്നാണ് ഷാന്‍ പറയുന്നത്.

ഗവണ്‍മെന്റ് പോളിടെക്‌നിക്കില്‍ വച്ച് ഈ ഗാനം ആലപിക്കുന്നുവെന്ന് അവകാശപ്പെടുന്ന വീഡിയോയും സത്യജിത്ത് പുറത്തുവിട്ടിട്ടുണ്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ വരികള്‍, ആലാപനം എന്ന ക്രെഡിറ്റ് മാത്രമാണ് തനിക്ക് ലഭിച്ചതെന്നും ഗാനത്തിന് ഈണം നല്‍കിയതിനുള്ള കടപ്പാട് ലഭിച്ചില്ലെന്നും സത്യജിത്ത് പറഞ്ഞു.

”ഇത് നേരിട്ട് മുഖത്ത് നോക്കി ചോദിച്ച അന്ന് ഷാന്‍ റഹ്‌മാന്‍ ചേട്ടന്‍ ബ്ലോക്ക് ചെയ്തിട്ട് പോയതാണ്, പിന്നീട് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഒരുപാട് പേര്‍ തഴയുകയും അവഗണനകള്‍ നേരിടുകയും ചെയ്തിരുന്നു. അന്ന് എന്റെ പക്കല്‍ തെളിവുകളുടെ അഭാവമുണ്ടായിരുന്നു.”

”സത്യം എല്ലാക്കാലവും മറച്ചു വെക്കാന്‍ സാധിക്കുന്നതല്ല” എന്നാണ് വീഡിയോക്കൊപ്പം സത്യജിത്ത് കുറിച്ചിരിക്കുന്നത്. സിനിമ ഇറങ്ങുന്നതിന് നാല് വര്‍ഷം മുമ്പ് താന്‍ ഒരുക്കിയ ഗാനമാണിത്. എന്നാല്‍ ചിത്രത്തിന്റെ സംഗീത സംവിധായകനായ ഷാന്‍ റഹ്‌മാന്‍ താന്‍ തന്നെയാണ് ഗാനത്തിന് ഈണം നല്‍കിയതെന്ന് അവകാശപ്പെട്ടു.

ഇതിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഷാന്‍ റഹ്‌മാന്‍ തന്നോട് കയര്‍ത്ത് സംസാരിച്ചു. ഈണത്തിന് ക്രെഡിറ്റ് ലഭിക്കാത്തതാണ് തന്റെ വിഷയമെന്നാണ് സത്യജിത്ത് പറയുന്നത്. സത്യജിത്തിനെ പിന്തുണച്ചു കൊണ്ടാണ് പലരും കമന്റുകളുമായി എത്തുന്നത്.

Read more