ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വീഡിയോ വ്യാജനിര്‍മ്മിതി; അന്‍വറിന് വിവരങ്ങള്‍ കൈമാറിയത് ചാനലിലുള്ളവര്‍; ആഭ്യന്തരപ്രശ്‌നത്തില്‍ പൊട്ടിത്തെറി; ഇടപെട്ട് മാനേജ്‌മെന്റ്

ഏഷ്യാനെറ്റ് ന്യൂസിന്റെ ‘നര്‍ക്കോട്ടിക് ഈസ് എ ഡേര്‍ട്ടി ബിസിനസ്സ്’ എന്ന പരിപാടിയില്‍ അവതരിപ്പിച്ച വീഡിയോ വ്യാജമായി നിര്‍മിച്ചത്. പരമ്പര പൊലിപ്പിക്കാനായി ഏഷ്യാനെറ്റ് ന്യൂസിന്റെ കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫ് പഴയ ഒരു വീഡിയോ പുനഃസൃഷ്ടിക്കുകയായിരുന്നു. ചാനലിലെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് അദേഹം ഇത്തരം ഒരു കാര്യം ചെയ്തത്. ഓഫീസിനുള്ളില്‍ വെച്ച് ഒരു പെണ്‍കുട്ടിയുടെ വീഡിയോ ചിത്രീകരിച്ചശേഷം അതില്‍ ശബ്ദം കൃത്രിമമായി കയറ്റുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസിലെ തന്നെയുള്ള ഒരു റിപ്പോര്‍ട്ടര്‍ മാസങ്ങള്‍ക്ക് മുമ്പ് തയാറാക്കിയ വീഡിയോ പുനസൃഷ്ടിക്കുകയായിരുന്നു നൗഫല്‍ ബിന്‍ യൂസഫ് ചെയ്തത്. ഇക്കാര്യം ഈ വാര്‍ത്ത ആദ്യം റിപ്പോര്‍ട്ട് ചെയ്ത വ്യക്തി ചാനല്‍ എഡിറ്ററെ അറിയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഇക്കാര്യം ചാനലിന് പുറത്തേക്ക് പോകുന്നത്. തുടര്‍ന്ന് ഏഷ്യാനെറ്റിലുള്ള ഒരാള്‍ തന്നെ കൃത്രിമം നടത്തിയതിന്റെ എല്ലാ തെളിവുകളുമടക്കം പിവി അന്‍വര്‍ എംഎല്‍എയ്ക്ക് കൈമാറി. സിപിഎം കുടുംബത്തിലെ ഒരംഗമായ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടറാണ് ഇക്കാര്യം വിപി അന്‍വറിന് ചോര്‍ത്തി നല്‍കിയത്. കൃത്യമായ തെളിവുകള്‍ കിട്ടിയതോടെയാണ് അദേഹം നിയമപരമായി നീങ്ങിയത്.

ഇക്കാര്യങ്ങള്‍ ചാനലിന് പുറത്തുവിട്ട റിപ്പോര്‍ട്ടറെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റോറിയല്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ വ്യക്തിയെ ചാനലിന്റെ വെബ്ബിലേക്ക് ഉടന്‍ നീക്കിയേക്കുമെന്ന് ഏഷ്യാനെറ്റ് ന്യൂസിനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ചാനല്‍ വ്യാജവാര്‍ത്ത നിര്‍മ്മിച്ചത് സംബന്ധിച്ച് ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ മാനേജ്‌മെന്റും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. ഏഷ്യാനെറ്റ് ന്യൂസിന്റെ മാതൃകമ്പനിയായ ജൂപ്പിറ്റര്‍ എന്റര്‍ടെയ്‌മെന്റ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ചാനല്‍ പുറത്തുവിട്ട വാര്‍ത്ത വ്യാജനിര്‍മിതിയാണെന്ന് ബെംഗളൂരിവിലെ ഓഫീസില്‍ തെളിവുകള്‍ അടക്കമുള്ള ഇമെയില്‍ എത്തിയതോടെയാണ് മാനേജ്‌മെന്റ് ഇടപെടല്‍. ആരോപണ വിധേയരെ മാറ്റി നിര്‍ത്തിയായിരിക്കും ചാനല്‍ ആഭ്യന്തര അന്വേഷണം നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ട വാര്‍ത്ത പഴയത് പുതിയതാക്കി അവതരിപ്പിച്ചതാണെന്ന് പൊലീസിനും വ്യക്തമായ തെളിവ് ലഭിച്ചിട്ടുണ്ട്. പിവി അന്‍വര്‍ എംഎല്‍എയ്ക്ക് പുറമെ ഏഷ്യാനെറ്റ് ന്യൂസിലുള്ളവരും തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ചാനലിലെ ആഭ്യന്തര പ്രശനംമൂലമാണ് ഇങ്ങനെ ഒരു പരാതി ഉയര്‍ന്നിരിക്കുന്നത്. രണ്ടു ചേരിതിരിഞ്ഞാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടിയെ ഏഷ്യാനെറ്റ് പ്രതിരോധിക്കുന്നത്. പറ്റിയ തെറ്റ് ഏറ്റു പറയണമെന്ന് ഒരു വിഭാഗം എഡിറ്റോറിയല്‍ ടീം ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് മുന്നോട്ട് പോകുകയാണ്. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് ചാനലിനെതിരെ കേസെടുത്തത്. എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍ കണ്ണൂര്‍ റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍യൂസഫ് പെണ്‍കുട്ടിയുടെ അമ്മ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് കൈമാറി. ആശുപത്രിയില്‍ കഴിയുന്ന സിന്ധു സൂര്യകുമാറിന് വാട്സാപ്പിലൂടെയാണ് ഇന്നലെ നോട്ടീസ് കൈമാറിയത്. ഇന്നു രാവിലെ കോഴിക്കോട് വെള്ളയില്‍ ഓഫീസില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞു കിടക്കുന്നതിനാല്‍ അവര്‍ ഇന്നു ഹാജരാകാനിടയില്ല.

ഏഷ്യാനെറ്റ് ന്യൂസിനെതിരെയുള്ള നടപടികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ട്.
വ്യാജ വീഡിയോ നിര്‍മിക്കുന്നത് മാധ്യമപ്രവര്‍ത്തനത്തിന്റ ഭാഗമല്ലന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. ബി ബി സി റെയ്ഡുമായി എഷ്യാനെറ്റ് കോഴിക്കോട് ഓഫീസിലെ റെയ്ഡിനെ താരതമ്യപ്പെടുത്തേണ്ട. ബി ബിസി യുടെ റെയ്ഡ് ഒരു ഭരണാധികാരിയുടെ വര്‍ഗീയ കലാപത്തിലുളള പങ്ക് വെളിച്ചെത്ത് കൊണ്ടുവന്നതിലായിരുന്നു. എന്നാല്‍ എഷ്യാനെറ്റില്‍ നടത്തിയ റെയ്ഡ് അങ്ങിനെ ഒരു ഭരണാധികാരിക്കോ സര്‍ക്കാരിനോ വേണ്ടി നടത്തിയതല്ല. അത് കൊണ്ട് അതിനെ പ്രതികാര നടപടിയെന്ന് വിളിക്കാന്‍ കഴിയില്ലന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുവിദ്യാലയങ്ങള്‍ മയക്കുമരുന്നിന്റെ പിടിയിലാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം 2022 നവംബറില്‍ ഏഷ്യാനെറ്റ് ന്യുസില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്്കൂള്‍ യൂണിഫോമില്‍ അവതിരിപ്പിച്ച് ഒരു വീഡിയോ സംപ്രേഷണം ചെയ്തിരുന്നു. അതിന് മുമ്പ് ഓഗസ്റ്റില്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച് തെയ്യാറാക്കിയ വീഡിയോയില്‍ പറയുന്ന കാര്യങ്ങള്‍ സത്യവിരുദ്ധമാണെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Read more

ഈ കേസിനാധാരമായ വീഡിയോയിലെ സംഭാഷണം മറ്റൊരു കുട്ടിയെ ഉപയോഗിച്ച് പുനഃസൃഷ്ടിച്ച് സംപ്രേഷണം ചെയ്തുവെന്നാണ് പുതിയ പരാതിയില്‍ പറയുന്നത്. ഇത് സംബന്ധിച്ചാണ് പി.വി.അന്‍വര്‍ എംഎല്‍എ പരാതിയ നല്‍കിയത് . ഇതില്‍ കോഴിക്കോട് വെള്ളയില്‍ പോലീസ് കേസെടുത്ത് അന്വേഷിച്ച് വരികയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ഇത്തരമൊരു വീഡിയോയ്ക്ക് ദുരുപയോഗം ചെയ്തതിനെ തുടര്‍ന്ന് സംസ്ഥാനത്തെല്ലാ ഭാഗത്തും പ്രതിഷേധം ഉയര്‍ന്നു. എറണാകുളത്ത് ചാനലിന്റെ ഓഫീസിലേക്ക് എസ്എഫ്‌ഐ പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതില്‍ ഏഷ്യാനറ്റിന്റെ പരാതിയെ തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും എട്ട് പ്രതികളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി’ മുഖ്യമന്ത്രി പറഞ്ഞു.