കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിന് കേന്ദ്ര ബിജെപി നല്കിയ പണത്തില്‍ എട്ടു ശതമാനം സംസ്ഥാന നേതൃത്വം കമ്മീഷന് പറ്റിയതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് കേന്ദ്ര സംഘം നിയോഗിച്ച ചാര സംഘം നേതൃത്വത്തിന് കൈമാറിയത്. കോഴിക്കോട് സ്വദേശിയായ മിഥുന് വിജയകുമാറിന്റെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് ദേശീയ നേതൃത്വത്തിന് റിപ്പോര്‍ട്ട് കൈമാറിയതെന്നാണ് ബിജെപി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. സംഘടനാ സംവിധാനത്തിലെ പാളിച്ചയും, തിരഞ്ഞെടുപ്പ് പരാജയവും സംബന്ധിച്ച് മറ്റൊരു റിപ്പോര്‍ട്ടും മിഥുന്റെ നേതൃത്വത്തില്‍ കൈമാറിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍ണാടകയിലെ വ്യവസായികളില്‍ നിന്നാണ് പണം കേരളത്തിലെത്തിയത്. ഈ പണത്തില്‍ എട്ടു ശതമാനം കേരളത്തിലെ നേതൃത്വം കമ്മീഷന് പറ്റിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. രണ്ടു ദിവസം മുമ്പ് വിശദമായ റിപ്പോര്‍ട്ട് ദേശീയ നേതൃത്വത്തിന് മിഥുന് നല്‍കിയിട്ടുണ്ട്. കൊടകരയില്‍ പിടികൂടിയ കുഴല്‍പണവുമായി ബന്ധപ്പെട്ട് അന്വേഷണം ബിജെപി പടിവാതിക്കലെത്തിയ സാഹചര്യത്തിലാണ് ബിജെപിയുടെ അകത്ത് നിന്നു തന്നെ റിപ്പോര്‍ട്ട് പോയിരിക്കുന്നത്. ഇതോടെ സംസ്ഥാന അദ്ധ്യക്ഷ പദവിയില്‍ നിന്ന് കെ സുരേന്ദ്രനെ മാറ്റുന്നത് സംബന്ധിച്ച ചര്‍ച്ചകളും നേതൃത്വം ആരംഭിച്ചിട്ടുണ്ട്. നേരത്തെ സുരേന്ദ്രനെ സംരക്ഷിച്ചിരുന്ന വി മുരളീധരനെ ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം വിലക്കിയിയതായും സൂചനയുണ്ട്.
അമിത് ഷായുടെ വിശ്വസ്തനായ മിഥുന് വിജയകുമാറിന്റെ നേതൃത്വത്തില്‍ നാലു പേരടങ്ങുന്ന സംഘമാണ് കേരളത്തിലെ പണമിടപാടുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് ദേശീയ സംഘത്തിന് നല്‍കിയത്. പ്രധാനമന്ത്രിയുടെ വിശ്വസ്തനായ അഖിലേഷ് മിശ്രയുമായും, പിഎം ഓഫീസുമായി നേരിട്ട് ബന്ധമുള്ള മിഥുന് ഐടി പ്രൊഫഷണല്‍ കൂടിയാണ്. മിഥുന്റെ ദേശീയ നേതൃത്വവുമായുള്ള ബന്ധം സംസ്ഥാന നേതാക്കള്‍ക്ക് സ്വാധീനിക്കാന്‍ സാധിക്കാത്തതാണെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാക്കളിലൊരാള്‍ പറഞ്ഞു.
Read more
കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന പണം സംസ്ഥാന നേതൃത്വം നേരിട്ട് കൈകാര്യം ചെയ്യാമെന്ന് അറിയിച്ചതോടെയാണ് നേതൃത്വം ചാരസംഘത്തെ നിയോഗിച്ചത്. നേരത്തെ മെഡിക്കല്‍ കോളേജ് കോഴ അടക്കമുള്ള വിഷയത്തില്‍ സംസ്ഥാനത്തെ ബിജെപി നേതാക്കളുടെ പണവിനിയോഗത്തില്‍ അതൃപ്തി ദേശീയ നേതൃത്വത്തിനുണ്ട്. കുഴല്‍പണ വിവാദവുമായി ബന്ധപ്പെട്ട് ആര്‍എസ്എസിനും കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം. ആര്‍എസ്എസിന്റെയും ആശീര്‍വാദത്തോടെയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്നും വിവരമുണ്ട്.