'അവതാരകന്മാര്‍ക്കുള്ള അടി അങ്ങ് ലോസ് ഏഞ്ചലസില്‍ നിന്നും തുടങ്ങിയിട്ടുണ്ട്, ജാഗ്രതെ', എം.എം മണി

സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് വാര്‍ത്ത അവതാരകന്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുന്‍ മന്ത്രി എം.എം.മണി. ‘അവതാരകന്‍മാര്‍ക്കുള്ള അടി അങ്ങ് ലോസ് ഏഞ്ചലസില്‍ നിന്നും തുടങ്ങിയിട്ടുണ്ട്. ജാഗ്രതെ’ എന്നാണ് എം.എം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ലോസ് ഏഞ്ചല്‍സില്‍ വച്ച് നടന്ന 94ാമത് ഓസ്‌കാര്‍ പുരസ്‌കാര വേദിയില്‍ വെച്ച് അവതാരകന്‍ ക്രിസ് റോക്കിനെ വില്‍ സ്മിത്ത് മുഖത്തടിച്ച സംഭവത്തോട് ഉപമിച്ചാണ് എം.എം മണിയുടെ പരാമര്‍ശം.

അതേസമയം വിനു വി ജോണിന്റെ പരാമര്‍ശത്തിനെതിരെ ഏഷ്യാനെറ്റിന് മുന്നില്‍ ഇന്ന് സംയുക്ത ട്രേഡ് യൂണിയന്‍ പ്രതിഷേധം നടത്തും. തിങ്കളാഴ്ച്ച വൈകിട്ട് എട്ട് മണിക്ക് ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ വച്ചാണ് എളമരം കരീമിനെതിരെ വിനു വി ജോണ്‍ വിവാദ പരാമര്‍ശം നടത്തിയത്.

എളമരം കരീം പോയ വണ്ടി ഒന്ന് അടിച്ച് പൊട്ടിക്കണമായിരുന്നു. എന്നിട്ട് എളമരം കരീം കുടുംബ സമേദമായിരുന്നെങ്കില്‍ അദ്ദേഹത്തെയും കുടുംബത്തേയും ഇറക്കിവിടണമായിരുന്നു. എളമരം കരീം പോയ ഒരു വണ്ടിയുടെ കാറ്റ് അഴിച്ചുവിടണമായിരുന്നു. എളമരം കരീമിന്റെ മുഖത്തടിച്ച് ചോരവരുത്തണമായിരുന്നു,’ ഇതായിരുന്നു വിനു വി. ജോണ്‍ ചര്‍ച്ചയ്ക്കിടെ പറഞ്ഞത്.

ഇത് ജനാധിപത്യവിരുദ്ധമാണെന്നും ചാനല്‍ മനപൂര്‍വ്വം തൊഴിലാളിവര്‍ഗ്ഗ നേതാക്കളെയും തൊഴിലാളികളെയും അപമാനിക്കുകയായിരുന്നു എന്നും സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കളായ ആര്‍ ചന്ദ്രശേഖരന്‍, എളമരം കരീം, കെ പി രാജേന്ദ്രന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇടതുപക്ഷ എം.പിമാരും ഇതിന് പിന്നാലെ പ്രതിഷേധം അറിയിച്ചു.

Read more

ആക്രമണത്തിനുള്ള ആഹ്വാനംപോലെയാണ് അവതാരകന്‍ സംസാരിച്ചതെന്നും ജനാധിപത്യ സംവിധാനത്തിന് നിരക്കുന്നതല്ല ഈ പെരുമാറ്റമെന്നും അവര്‍ പ്രതികരിച്ചു. അങ്ങേയറ്റം അപലപനീയമായ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് സമൂഹത്തോടും എളമരം കരീമിനോടും വിനു വി. ജോണ്‍ മാപ്പ് പറയാന്‍ തയ്യാറാകണമെന്ന് സി.പി.എം പ്രസ്താവനയില്‍ വ്യക്തമാക്കി.