വലിച്ചെറിഞ്ഞ മാലിന്യം വീട്ടിൽ കൊണ്ട് കൊടുത്തു, ഡെലിവറി ചാർജിന് പകരം 5000 രൂപ പിഴ; അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

തൃശൂർ കുന്നംകുളം നഗരസഭയുടെ പട്ടാമ്പി മെയിൻ റോഡിൽ മൃഗാശുപത്രിക്ക് സമീപം മാലിന്യം വലിച്ചെറിഞ്ഞ യുവാവിന്റെ വീട്ടിൽ ആ മാലിന്യം തിരികെ എത്തിച്ച് പിഴ ഈടാക്കി നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ. ഐടിഐ ഉദ്യോഗസ്ഥനായ യുവാവ് വലിച്ചെറിഞ്ഞ മാലിന്യമാണ് നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തിരിച്ച് വീട്ടിലെത്തിച്ച് നല്‍കി പിഴ ഈടാക്കിയത്. കുന്നംകുളം നഗരസഭ ശുചീകരണ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ പ്രവർത്തിയെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ് രംഗത്തെത്തി.

ശുചീകരണ പ്രവര്‍ത്തനം നടത്തുന്നതിനിടെ കുന്നംകുളം നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരനായ പ്രസാദിനാണ് റോഡരികില്‍നിന്ന് പ്രത്യേക പെട്ടിയിലാക്കി പാക്ക് ചെയ്ത നിലയില്‍ മാലിന്യം ലഭിച്ചത്. ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ലീന്‍ സിറ്റി മാനേജര്‍ ആറ്റ്‌ലി പി. ജോണ്‍, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എം.എസ്. ഷീബ, പി.പി. വിഷ്ണു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

ഭക്ഷണ ശീതളപാനീയ അവശിഷ്ടങ്ങളാണ് ഭംഗിയായി പൊതിഞ്ഞ് പാക്ക് ചെയ്ത് റോഡില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. മാലിന്യത്തില്‍നിന്ന് ലഭിച്ച മേല്‍വിലാസം ഉള്‍പ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ മാലിന്യം നിക്ഷേപിച്ച വ്യക്തിയെ ഫോണില്‍ ബന്ധപ്പെട്ടു. കൊറിയര്‍ ഉണ്ടന്ന് പറഞ്ഞാണ് നഗരസഭ ആരോഗ്യ വിഭാഗം വ്യക്തിയെ ബന്ധപ്പെട്ടത്. അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ് രംഗത്തെത്തി.

എം ബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ:

എത്രയൊക്കെ ബോധവൽകരണം നടത്തിയിട്ടും ബോധം വരാത്തവർക്ക് ഇതാണ് മരുന്ന്.

പ്രധാന പാതക്കരികിൽ മാലിന്യം വലിച്ചെറിഞ്ഞ ഐ ടി പ്രൊഫഷണലായ യുവാവിനെ തേടിപ്പിടിച്ച് മാലിന്യം വീട്ടിലെത്തിക്കുകയും പിഴ ഈടാക്കുകയും ചെയ്ത കുന്ദംകുളം നഗരസഭാ ശുചീകരണ- ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നടപടി അഭിനന്ദനാർഹവും മാതൃകാപരവുമാണ്.
കഴിഞ്ഞ ദിവസമാണ് കുന്ദംകുളം നഗരസഭാ ശുചീകരണവിഭാഗം ജീവനക്കാരൻ പ്രസാദിന് കുന്ദംകുളം-പട്ടാമ്പി മെയിൻ റോഡരികിൽ മൃഗാശുപത്രിക്ക് സമീപത്തുനിന്ന് പ്രത്യേക പെട്ടിയിൽ പായ്ക്ക് ചെയ്ത നിലയിൽ മാലിന്യം ലഭിച്ചത്. തുടർന്ന് ആരോഗ്യവിഭാഗത്തെ വിവരമറിയിച്ചു. പൊതുജനാരോഗ്യ പരിസ്ഥിതി പരിപാലന വിഭാഗം ക്ളീൻ സിറ്റി മാനേജർ ആറ്റ്ലി പി ജോൺ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം എസ് ഷീബ, പി പി വിഷ്ണു എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.

ഭക്ഷണ, ശീതളപാനീയ അവശിഷ്ടങ്ങളാണ് ഭംഗിയായി പൊതിഞ്ഞ് വലിച്ചെറിഞ്ഞത്. ഇതിൽ നിന്ന് കിട്ടിയ മേൽവിലാസം, ഫോൺ നമ്പർ എന്നിവ ഉപയോഗിച്ച് ഫോണിൽ ബന്ധപ്പെട്ടു. കൊറിയർ ഉണ്ട്, ലൊക്കേഷൻ അയച്ചുതരണമെന്ന് ഫോണിലൂടെ ആവശ്യപ്പെട്ടു. അങ്ങനെ കിട്ടിയ ലൊക്കേഷനിലെത്തി വീട്ടുകാരോട് അന്വേഷിച്ച് മാലിന്യം വലിച്ചെറിഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞ് വിളിച്ചുവരുത്തി “കൊറിയർ” ഏൽപ്പിച്ചു. പല ന്യായവാദങ്ങളും പറഞ്ഞ് രക്ഷപ്പെടാൻ യുവാവ് ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ 5000 രൂപ പിഴയിട്ടു. അപ്പോഴാണ് കുറ്റത്തിന്റെ ഗൗരവം യുവാവിന് ബോധ്യപ്പെട്ടത്. മേൽവിലാസം പരസ്യപ്പെടുത്തരുതെന്ന അഭ്യർത്ഥന മാനിച്ച് അത് പുറത്തുവിട്ടിട്ടില്ല. ഈ “ആനുകൂല്യം” ഇനി ഉണ്ടാവില്ല. നമ്മുടെ നാടിനെ മലിനമാക്കുന്ന ശീലങ്ങൾക്ക് മാപ്പ് നൽകാനാവില്ല.

ഈ സംഭവം നല്ലൊരു പാഠമാകുമെന്ന് കരുതുന്നു. കുന്ദംകുളം നഗരസഭാ ഉദ്യോഗസ്ഥർ സമയോചിതമായി നടത്തിയ ഇടപെടലിനെ മാതൃകയാക്കുക. ജനങ്ങൾ മാലിന്യം വലിച്ചെറിയാതെ ശാസ്ത്രീയമായ മാർഗങ്ങളിലൂടെ കൈകാര്യം ചെയ്യുക. കേരളത്തെ മാലിന്യമുക്തമാക്കാൻ നമുക്ക് കൈകോർക്കാം.