വിശക്കുന്നവർക്കായി സസ്നേഹം പദ്ധതിയൊരുക്കി തിരുവനന്തപുരം മലയൻകീഴ് ഗ്രാമപഞ്ചായത്ത് പഞ്ചായത്ത്. പഞ്ചായത്തിലെ അരുവിപ്പാറ വാർഡിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കവലയിൽ ഭക്ഷണ അലമാരയിൽ പൊതിച്ചോറുണ്ടാകും. വിശക്കുന്നവർക്ക് ആവശ്യത്തിന് എടുത്തു കഴിക്കാവുന്ന രീതിയിലാണ് പദ്ധതിയുടെ നടത്തിപ്പ്.
സസ്നേഹം പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച എം പി എ എ റഹിം പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ദേയമാകുന്നത്. നന്മ നിറഞ്ഞ ഒരു പദ്ധതിയ്ക്ക് തുടക്കം കുറിക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കുന്നതിനോടപ്പം തന്നെ സസ്നേഹം പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ ഒരു നിർദ്ദേശം കൂടി മുന്നോട്ടു വയ്ക്കുകയാണ് അദ്ദേഹം. അതി ദാരിദ്ര്യത്തെ ഇല്ലാതാക്കാൻ ചരിത്രപരമായ ഇടപെടലുകളുമായി നമ്മുടെ കേരളം രാജ്യത്തിന് മാതൃകയാകുന്ന ഈ കാലത്ത് സസ്നേഹം പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നായിരുന്നു റഹിം കുറിച്ചത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം;
Read more
” നിങ്ങൾ ഭക്ഷണം കഴിച്ചോ??
ആരും വിശന്നിരിക്കരുത്..
കഴിഞ്ഞ ദിവസം ഒരുച്ചനേരത്ത് നന്മ നിറഞ്ഞ ഒരു പദ്ധതിയ്ക്ക് തുടക്കം കുറിക്കാനായതിന്റെ സന്തോഷം പങ്കുവയ്ക്കാനാണ് ഈ കുറിപ്പ്.
തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് സുരേഷ്ബാബു.എസ്എഫ്ഐയിലും ഡിവൈഎഫ്‌ഐയിലും ഒരുമിച്ചു പ്രവർത്തിച്ച നാൾ മുതൽ നല്ല ബന്ധമാണ് സുരേഷുമായി.സുരേഷ്ബാബുവിന്റെ വാർഡായ അരുവിപ്പാറയിൽ ഇനിയാരും വിശന്നിരിക്കില്ല.അതുവഴിയുള്ള വഴിയാത്രക്കാരും വിശന്നു പോകണ്ട..
പദ്ധതിയുടെ പേര് ‘സസ്നേഹം’.വാർഡ് കേന്ദ്രത്തിലെ കവലയിൽ ഭക്ഷണ അലമാരയിൽ പൊതിച്ചോറുണ്ടാകും.വിശക്കുന്നവർക്ക് ആവശ്യത്തിന് എടുത്തു കഴിക്കാം..പദ്ധതിയുടെ ഉദ്‌ഘാടനം കഴിഞ്ഞ ദിവസം നിർവഹിച്ചു.മുൻപ് ഇതിനു സമാനമായ പദ്ധതി തിരുവനന്തപുരത്തു തന്നെ കടകംപള്ളിയിൽ ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി വിജയകരമായി നടപ്പിലാക്കിയത് ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
മലയിൻകീഴിലെ സസ്നേഹം പദ്ധതിയെക്കുറിച്ചു ഇവിടെ കുറിക്കാൻ കാരണം,ഇതൊരു നല്ല മാതൃക മാത്രമല്ല,പ്രായോഗികമായി കേരളത്തിൽ എല്ലാ വാർഡിലും ജനപ്രതിനിധികൾ മുൻകൈ എടുത്താൽ നിഷ്പ്രയാസം നടപ്പിലാക്കാൻ കഴിയുന്ന പദ്ധതിയായത് കൊണ്ടാണ്.
അരുവിപ്പാറ വാർഡിലെ 19 കുടുംബശ്രീയുണിറ്റുകൾ 19 ദിവസം,ബാക്കി 11 ദിവസം
വാർഡ് പ്രദേശത്തെ റെസിഡൻസ് അസോസിയേഷനുകൾ,ക്ഷേത്ര കമ്മിറ്റികൾ,
പള്ളി കമ്മിറ്റികൾ,യുവജന സംഘടനകൾ എന്നിവർ ആവശ്യത്തിന് ഭക്ഷണപ്പൊതി ശേഖരിച്ചു വയ്ക്കും.ഓരോ പദ്ധതിയുടെയും പ്രായോഗികത കൂടിയാണ് അതിന്റെ വിജയം.ഇത് വളരെ പ്രായോഗികവും ലളിതവുമാണ്.രാഷ്ട്രീയ ഭേദമന്യേ,മത വെത്യാസങ്ങൾക്കപ്പുറത്ത്,സഹജീവിയുടെ വിശപ്പുമാറ്റാൻ നാടാകെ കൈകോർക്കുന്ന ക്രിയേറ്റിവായ രാഷ്ട്രീയ ഇടപെടലാണ് സസ്നേഹം.
നന്മ നിറഞ്ഞ മറ്റൊരു കേരളസ്റ്റോറിക്കാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം മുൻകൈ എടുത്തിരിക്കുന്നത്.
നിങ്ങൾ ഭക്ഷണം കഴിച്ചോ??ആരും വിശന്നിരിക്കരുത്
എന്ന ബോർഡാണ് ഈ ചെറിയ കവലയിൽ തലയുയർത്തി നിൽക്കുന്നത്.സ്നേഹത്തിന്റെയും കരുതലിന്റെയും അക്ഷരങ്ങൾ.
അതി ദാരിദ്ര്യത്തെ ഇല്ലാതാക്കാൻ ചരിത്രപരമായ ഇടപെടലുകളുമായി നമ്മുടെ കേരളം രാജ്യത്തിന് മാതൃകയാകുന്ന ഈ കാലത്ത് സസ്നേഹം പദ്ധതി സംസ്ഥാനത്താകെ വ്യാപിപ്പിക്കാൻ മറ്റു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ജനപ്രതിനിധികളും മുൻകൈ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സസ്നേഹത്തിനായി മുൻകൈ എടുത്ത ശ്രീ സുരേഷ്ബാബുവിനും മലയിൻകീഴ് പഞ്ചായത്ത് ഭരണ സമിതിയ്ക്കും കുടുംബശ്രീ പ്രവർത്തകർക്കും പദ്ധതി വിജയിപ്പിക്കാൻ കൈകോർക്കുന്ന എല്ലാ സംഘടനകൾക്കും അർധനാലയങ്ങളുടെ കമ്മിറ്റി ഭാരവാഹികൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.”