ആറ് ജില്ലകളിലെ ടെസ്റ്റുകൾ മുഴുവൻ ആർ.ടി.പി.സി.ആർ; തീരുമാനം വൈകി വന്ന വിവേകം: വി.ഡി സതീശൻ

സംസ്ഥാനത്ത് ആറ് ജില്ലകളിൽ മുഴുവൻ കോവിഡ് ടെസ്റ്റുകളും ആർടി പിസിആർ ആക്കുവാനുള്ള തീരുമാനം വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വിശ്വാസ്യത കുറഞ്ഞ ആന്റിജൻ പരിശോധനയെ പൂർണമായി ആശ്രയിച്ചതാണ് ഇന്ന് വീടുകൾ ക്ലസ്റ്ററുകളായി മാറുവാൻ കാരണമെന്നും വി.ഡി സതീശൻ പറഞ്ഞു.

“പരിശോധനകൾ പൂർണമായി ആർടിപിസിആർ വേണമെന്ന് ആവശ്യപ്പെട്ടത് എന്റെ തന്നെ അനുഭവം ചൂണ്ടിക്കാണിച്ചു കൊണ്ടായിരുന്നു. എനിക്ക് ആദ്യം കോവിഡ് ബാധയുണ്ടായപ്പോൾ ആദ്യം നടത്തിയ ആന്റിജൻ ടെസ്റ്റ്‌ നെഗറ്റീവ് ആയിരുന്നു. തുടർന്ന് നടത്തിയ ആർടിപിസിആർ ൽ ആണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്,” വി.ഡി സതീശൻ പറഞ്ഞു

മറ്റെല്ലാ സംസ്ഥാനങ്ങളും പൂർണമായി ആർടിപിസിആർ ടെസ്റ്റുകൾ നടത്തിയപ്പോൾ നമ്മൾ ആന്റിജൻ ടെസ്റ്റിന്റെ പരിശോധനാഫലത്തെ ആധാരമാക്കിയാണ് പ്രതിരോധ നടപടികൾ സ്വീകരിച്ചത്. സംസ്ഥാനത്ത് നടത്തുന്ന പരിശോധനകളിൽ 25% മാത്രം ആർടിപിസിആർ നടത്തിയത് വഴി വൈറസ് ബാധയെ കണ്ടെത്താൻ നമുക്ക് സാധിച്ചില്ല എന്നതാണ് രോഗവ്യാപനം രൂക്ഷമാവാൻ വഴി വെച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.

Read more

ആറ് ജില്ലകളിൽ മാത്രം ഈ തീരുമാനം പരിമിതപ്പെടുത്താതെ എല്ലാ ജില്ലകളിലും എത്രയും വേഗം മുഴുവൻ ടെസ്റ്റുകളും ആർടിപിസിആർ ആക്കണം. പ്രതിപക്ഷത്തിന്റെ നിർദ്ദേശങ്ങൾ ഉൾക്കൊണ്ട് ശരിയായ ദിശയിലേക്കുള്ള ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.