ജോണ്‍പോളിന് ആംബുലന്‍സ് സഹായം നല്‍കിയില്ലെന്ന ആരോപണം തെറ്റ്; ഫയര്‍ഫോഴ്‌സിനെ ന്യായീകരിച്ച് ബി. സന്ധ്യ

അന്തരിച്ച തിരക്കഥാകൃത്ത് ജോണ്‍ പോളിന് ആംബുലന്‍സ് സഹായം നല്‍കിയില്ലെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഫയര്‍ഫോഴ്‌സ് മേധാവി ഡിജിപി ബി സന്ധ്യ. ജോണ്‍ പോളിനെ ആശുപത്രിയിലെത്തിക്കുന്നതില്‍ ഫയര്‍ ഫോഴ്സിന് വീഴ്ച സംഭവിച്ചിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തിയെന്നും ബി സന്ധ്യ പറഞ്ഞു.

കട്ടിലില്‍ നിന്ന് വീണ ജോണ്‍ പോളിനെ ആശുപത്രിയില്‍ എത്തിക്കാന്‍ ഫയര്‍ ഫോഴ്‌സിനെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ തൃക്കാക്കരയില്‍ ആംബുലന്‍സില്ലെന്നാണ് മറുപടി ലഭിച്ചതെന്നുമായിരുന്നു ആരോപണം. ഇത് അടിസ്ഥാന രഹിതമാണെന്നാണ് ബി സന്ധ്യ പറയുന്നത്.

ആരോപണം ശരിയല്ല. സഹായം ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സിന് കോള്‍ വന്നിട്ടില്ല. മൂന്ന് മാസം മുമ്പ് നടന്ന സംഭവമാണിത്. തൃക്കാക്കര സ്റ്റേഷനില്‍ ആംബുലന്‍സ് ഇല്ല. ഫയര്‍ ഫോഴ്സ് ആംബുലന്‍സുകള്‍ അപകട സമയത്ത് ഉപയോഗിക്കുന്നതിനുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം ഫയര്‍ഫോഴ്‌സിനെ തള്ളി പൊലീസ് രംഗത്തെത്തിയിരുന്നു. ജോണ്‍ പോളിന് സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഫയര്‍ഫോഴ്‌സിനെ ബന്ധപ്പെട്ടിരുന്നെന്നും തൃക്കാക്കര സ്റ്റേഷനില്‍ ആംബുലന്‍സ് ഇല്ലെന്നാണ് മറുപടി ലഭിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയുടെ സഹായം ലഭ്യമാക്കുകയായിരുന്നെന്നും കണ്‍ട്രോള്‍ റൂം എസ്ഐ രാജീവ് പറഞ്ഞിരുന്നു.