റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണം; ഉടന്‍ കര്‍മ്മ സമിതി രൂപീകരിക്കണമെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കര്‍മ്മ സമിതി ഉടന്‍ രൂപീകരിക്കണമെന്ന് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. റാഗിംഗ് വിരുദ്ധ നിയമ പരിഷ്‌കരണത്തിനുള്ള കര്‍മ്മ സമിതിയുടെ രട് രൂപം ഒരാഴ്ചയ്ക്കകം അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

റാഗിംഗ് വിരുദ്ധ നിയമം പരിഷ്‌കരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന് നേരത്തെ ഹൈക്കോടതിയുടെ നിര്‍ദ്ദേശമുണ്ടായിരുന്നു. വര്‍ദ്ധിച്ചുവരുന്ന റാഗിംഗ് കേസുകളുടെ പശ്ചാത്തലത്തില്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലായിരുന്നു പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. റാഗിംഗ് കര്‍ശനമായി തടയുന്നതിന് നിയമ പരിഷ്‌കരണം അനിവാര്യമാണ്.

റാഗിംഗ് തടയാന്‍ സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നത് ഉള്‍പ്പടെയുള്ള നിര്‍ദ്ദേശങ്ങളും ഡിവിഷന്‍ ബെഞ്ച് നല്‍കിയിരുന്നു. യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പശ്ചാത്തലത്തില്‍ ചട്ടങ്ങള്‍ രൂപീകരിക്കണം. അതേസമയം നിയമ സേവന അതോറിറ്റിയുടെ ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അപേക്ഷകള്‍ അംഗീകരിച്ചില്ല.