ഒരേ കളർ ഷർട്ട് എടുത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് നടുറോഡിൽ തമ്മിൽ തല്ലി യുവാക്കൾ. കോഴിക്കോട് നാദാപുരം കല്ലാച്ചിയിലാണ് സംഭവം. ഒരേ കളർ ഷർട്ട് എടുത്തതിനെ ചൊല്ലിയുള്ള വാക്ക് തർക്കമാണ് സഘർഷത്തിലേക്ക് കലാശിച്ചത്. തിങ്കളാഴച രാത്രിയോടെ കല്ലാച്ചിയിലെ തുണിക്കടയിലാണ് സംഘർഷം ഉണ്ടായത്.
തുണിക്കടയിൽ ഷർട്ട് എടുക്കാനായി എത്തിയ രണ്ട് യുവാക്കൾ കടയിൽ നിന്ന് ഒരേ കളർ ഷർട്ട് തിരഞ്ഞെടുക്കുകയായിരുന്നു. പിന്നാലെ പ്രകോപിതരായ യുവാക്കൾ കടക്കുള്ളിൽവെച്ച് പരസ്പരം ഏറ്റുമുട്ടി.
പിന്നീട് സംഘർഷം പുറത്തേക്ക് നീളുകയും റോഡിൽ ഇറങ്ങി ഏറ്റുമുട്ടുകയുമായിരുന്നു. തുടർന്ന് രണ്ട് യുവാക്കളുടെ ഭാഗത്ത് നിന്നും നിരവധി യുവാക്കൾ സംഘം ചേരുകയും സംഘർഷം കൂടുതൽ രൂക്ഷമാവുകയും ചെയ്തു.
സംഘർഷത്തിന് പിന്നാലെ നാദാപുരം പോലീസ് സ്ഥലത്തെത്തിയതോടെ ഇരുകൂട്ടരും ഓടി രക്ഷപ്പെട്ടു. സംഭവത്തിൻ്റെ തുടർച്ച വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നതിനെത്തുടർന്ന് പൊലീസ് സ്ഥലത്തും സമീപ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.