പെരിയ ഇരട്ടക്കൊലപാതക കേസിൽ 24 പേർക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു. സി.പി.ഐ.എം പ്രാദേശിക നേതാവ് പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. മുൻ ഉദുമ എം.എൽ.എയും പാർട്ടി കാസർഗോഡ് ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമൻ അടക്കം കേസിൽ പ്രതികളാണ്.
ക്രിമിനൽ ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് മുറവേൽപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയത്. ക്രൈംബ്രാഞ്ച് കണ്ടെത്തിയ കുറ്റകൃത്യങ്ങൾ സിബിഐയും കുറ്റപത്രത്തിൽ ചേർത്തിട്ടുണ്ട്. എറണാകുളം സി.ജെ.എം കോടതിയിസി.ബി.ഐ സ്‌പെഷ്യൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് കുറ്റപത്രം സമർപ്പിച്ചത്.
പെരിയ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ വൈര്യമാണെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു. ഒന്നാം പ്രതി പീതാംബരനെ ശരത് ലാൽ മർദ്ദിച്ചതിന് ശേഷമാണ് ഗൂഡാലോചന തുടങ്ങുന്നതെന്നും കുറ്റപത്രത്തിൽ പറയുന്നു. രണ്ടാം പ്രതി സജി ജോർജിനെ പൊലീസ് കസ്റ്റഡിയിൽ നിന്ന് ബലം പ്രയോഗിച്ച് പിടിച്ചുകൊണ്ടുപോയി എന്നതാണ് മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമനെതിരെ നിലവിൽ സിബിഐ ചുമത്തിയിരിക്കുന്ന കുറ്റം.
Read more
2019 ഫെബ്രുവരി 17 നാണ് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടികൊലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യുവാക്കളുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.