തൃപ്പൂണിത്തുറയിലെ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ബ്രാഹ്‌മണരുടെ കാല്‍കഴിച്ചൂട്ട് വഴിപാട് നടത്തിയ സംഭവത്തില്‍ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. വഴിപാട് സംബന്ധിച്ച് വിവാദമായതോടെയാണ് ജസ്റ്റിസ് അനില്‍. കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി അജിത് കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സ്വമേധയ ഹര്‍ജി പരിഗണിച്ചത്.
പുറത്ത് കാണാത്ത വിധത്തില്‍ പന്ത്രണ്ട് ബ്രാഹ്‌മണരെ ഇരുത്തിയാണ് കാല്‍കഴുകിച്ചൂട്ട് നടത്തുന്നത്. പാപപരിഹാരത്തിനായി നടത്തുന്നുവെന്ന് പറയുന്ന വഴിപാടിന് 20,000 രൂപയാണ് ഈടാക്കുന്നത്. കൊടുങ്ങല്ലൂര്‍ എടവിലങ്ങ് ശിവകൃഷ്ണപുരം മഹാദേവര്‍ ക്ഷേത്രത്തിലും ഇതേ ചടങ്ങ് പുനരുദ്ധാരണ ചടങ്ങുകളുടെ ഭാഗമായി നടത്താന്‍ തീരുമാനിച്ചിരുന്നു. പിന്നീട് വിവാദമായതോടെ ചടങ്ങ് ഉപേക്ഷിക്കാന്‍ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ ചടങ്ങ് നടത്തുന്നതായി അറിയുന്നത്. കേസില്‍ സംസ്ഥാന ദേവസ്വം സെക്രട്ടറി, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി, തൃപ്പൂണിത്തുറ ദേവസ്വം ഓഫിസര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് ഹര്‍ജി.
Read more
സംഭവത്തിന് പിന്നാലെ നവോത്ഥാന കേരളത്തിന് നാണക്കേടുണ്ടാക്കുന്ന ഇതുപോലുള്ള പ്രാകൃത ആചാരങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം എന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത അനാചാരങ്ങള്‍ ആണിത്. ഇത്തരം അനാചാരങ്ങള്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ എടുക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു.