ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പ്രതി റിതു ജയനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 5 ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് അനുവദിച്ചിരിക്കുന്നത്. തന്നെയും തന്റെ വീട്ടുകാരേയും കളിയാക്കിയതിന്റെ പകയെ തുടർന്നാണ് താൻ ആക്രമണത്തിന് മുതിർന്നതെന്ന് റിതു പൊലീസിന് മൊഴി നൽകിയിരുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് റിതു ജയൻ മൂന്ന് പേരെ അടിച്ച് കൊലപ്പെടുത്തിയത്. അടിയേറ്റ മറ്റൊരാൾ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകീട്ട് ആറുമണിയോടെയാണ് നാടിനെ നടുക്കിയ അരുംകൊല നടന്നത്. പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു (69), ഭാര്യ ഉഷ (62), മകൾ വിനീഷ (32) എന്നിവരാണ് അക്രമിയുടെ അടിയേറ്റ് മരിച്ചത്. വിനീഷയുടെ ഭർത്താവ് ജിതിൻ ബോസിനെ (35) തലയ്ക്ക് അടിയേറ്റ് ഗുരുതരാവസ്ഥയിൽ എറണാകുളം ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ബെംഗളൂരുവിൽ നിർമാണത്തൊഴിലാളിയായി ജോലിചെയ്യുന്ന ഋതു ജയൻ (27) കഴിഞ്ഞ ദിവസമാണ് നാട്ടിലേക്ക് വന്നത്. കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു പ്രതി ഋതു ജയൻ വേണുവിന്റെ വീട്ടിൽ എത്തിയത്. കൊലപാതകത്തിനു കാരണം ഉഷ, വേണു, വിനീഷ, ജിതിൻ എന്നിവരോട് ഉണ്ടായ കടുത്ത വൈരാഗ്യമായിരുന്നുവെന്നും മോട്ടോർ സൈക്കിളിൽ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് പ്രതി തലയ്ക്കടിക്കുകയും. പിന്നീട് കൈയ്യിൽ കരുതിയിരുന്ന കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഋതുവിനെ കൂട്ടുകാട് വെച്ച് പോലീസ് തടഞ്ഞ് നിർത്തുകയായിരുന്നു. സിഗരറ്റ് കത്തിച്ച് ഹേൽമെറ്റ് ധരിക്കാതെ വാഹനമോടിച്ചതിനായിരുന്നു പോലീസ് കൈകാണിച്ചത്. തുടർന്ന് ബൈക്ക് നിർത്തി ഇറങ്ങിവന്ന ഋതു ഒരു കൂസലുമില്ലാതെ താൻ നാല് പേരെ കൊന്നുവെന്ന് പോലീസിനോട് പറഞ്ഞു. എന്നാൽ കമ്പിവടി, കത്തി എന്നിവകൊണ്ട് നാല് പേരെ ആക്രമിച്ച ഋതുവിന്റെ വസ്ത്രത്തിൽ രക്തപ്പാടുകളൊന്നും ഇല്ലായിരുന്നു. തുടർന്ന് വടക്കേക്കര പോലീസ് സ്റ്റേഷനിലെത്തിച്ച ഋതു ശാന്തസ്വഭാവക്കാരനായാണ് കാണപ്പെട്ടത്. ചോദിക്കുന്നതിന് മാത്രമാണ് ഇയാൾ ഉത്തരം നൽകിയത്.