വയനാട്ടിൽ തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകൾ പിടിയിൽ

വയനാട് പേരിയയിൽ പൊലീസിന്റെ തണ്ടർബോൾട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. പെരിയ ചപ്പാരം കോളനിയിൽ ഇന്നലെയാണ് നാലംഗ സംഘം മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടലുണ്ടായത്. രണ്ട് മാവോയിസ്റ്റുകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചന്ദ്രു, ഉണ്ണിമായ എന്നിവരാണ് പിടിയിലായത്. രണ്ട് പേര്‍ ഓടിരക്ഷപ്പെട്ടു. ഇവരിൽ ഒരാൾക്ക് വെടിയേറ്റെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് നാലം​ഗ സായുധ മാവോയിസ്റ്റ് സംഘം ചപ്പാരം കോളനിയിലെ അനീഷിന്റെ വീട്ടിലെത്തിയത്. ഇവര്‍ വീട്ടില്‍ നിന്ന് മൊബൈൽ ഫോണ്‍ ചാർജ് ചെയ്തു, തുടര്‍ന്ന് ഭക്ഷണം കഴിക്കാൻ കാത്തിരിക്കുകയായിരുന്നു. ഈ സമയം അതീവ രഹസ്യമായിട്ടായിരുന്നു തണ്ടര്‍ബോള്‍ട്ടിന്‍ നീക്കം. ഉച്ചയോടെ തന്നെ തണ്ടർബോൾട്ട് ചപ്പാരം കോളനി പരിസരത്തു നിരീക്ഷണത്തിൽ ഉണ്ടായിരുന്നു.

ഏഴുമണിയോടെ നാലാംഗ സായുധ മാവോയിസ്റ്റ് സംഘം അനീഷിന്റെ വീട്ടിലെത്തിയെന്ന് മനസിലായതോടെ വീട് വളഞ്ഞ് ഇവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. ഈ സമയത്താണ് രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടത്. വീടിന് അകത്തുണ്ടായിരുന്ന രണ്ടു പേര്‍ പൊലീസിന് നേരെ വെടിവച്ചു. വീട്ടിലേക്ക് കയറിയാണ്, ഇവരെ തണ്ടർ ബോൾട്ട് സംഘം കസ്റ്റഡിയിൽ എടുത്തത്.

Read more

കസ്റ്റഡിയിൽ എടുത്ത രണ്ടുപേരെ പോലീസ് കല്പറ്റയിലേക്ക് മാറ്റി. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. വീട് ഇപ്പോഴും പൊലീസ് വലയത്തിലാണ്. കൂടുതൽ പോലീസ് ഉദ്യോഗസ്ഥർ ചപ്പാരം കോളനിയിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്. കണ്ണൂർ വയനാട് അതിർത്തികളിലെ ആശുപത്രികളിലും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. വെടിയേറ്റ ശേഷം രക്ഷപ്പെട്ട ആൾ ചികിത്സക്കെത്തിയാൽ പിടികൂടുകയാണ് ലക്ഷ്യം. വനാതിർത്തികളിൽ വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്.