ഒന്‍പതാം ക്ലാസുകാരിയോട് സംസാരിച്ച സഹപാഠിയ്ക്ക് ക്രൂര മര്‍ദ്ദനം; അദ്ധ്യാപകനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി

മലപ്പുറത്ത് ഒന്‍പതാം ക്ലാസുകാരന്‍ സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് അദ്ധ്യാപകന്റെ ക്രൂര മര്‍ദ്ദനം. സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിക്കുന്നതിന്റെ ചിത്രം ഫോണില്‍ പകര്‍ത്തിയ ശേഷമായിരുന്നു മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. മലപ്പുറം ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസുകാരനാണ് മര്‍ദ്ദനമേറ്റത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്.

അദ്ധ്യാപകന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥി നിലവില്‍ കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സുബൈര്‍ എന്ന അദ്ധ്യാപകനെതിരെ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ പഠിപ്പിക്കാനില്ലാത്ത അദ്ധ്യാപകനാണ് മര്‍ദ്ദിച്ചതെന്ന് കുട്ടിയുടെ അമ്മ പറയുന്നു.

സഹപാഠിയോട് സംസാരിച്ചുവെന്ന് ആരോപിച്ച് മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്തുകയും മറ്റ് കുട്ടികളുടെ മുന്നില്‍ വച്ച് വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച് സംസാരിച്ചുകൊണ്ട് തുടരെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും മാതാവ് പരാതി ഉന്നയിച്ചു. അദ്ധ്യാപകന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ തുടയിലും മറ്റ് ശരീര ഭാഗങ്ങളിലും പരിക്കേറ്റതായും കുട്ടിയുടെ അമ്മ വ്യക്തമാക്കി. അതേ സമയം വിഷയം തങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടെന്നും സുബൈറില്‍ നിന്ന് വിശദീകരണം തേടിയ ശേഷം നടപടി സ്വീകരിക്കുമെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത്.