ഗൂഢാലോചന കേസ്; സ്വപ്‌നയേയും സരിത്തിനെയും ഉടന്‍ ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടുള്ള ഗൂഢാലോചന കേസില്‍ സ്വപ്‌ന സുരേഷിനെയും സരിത്തിനെയും അന്വേഷണം സംഘം ഉടന്‍ ചോദ്യം ചെയ്യും. പാലക്കാട് എത്തിയതിന് ശേഷം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം സ്വപ്നയുടെ എച്ച്ആര്‍ഡിഎസിലെ മുന്‍ ഡ്രൈവറുടെയും ഫ്‌ളാറ്റിലെ സഹായിയുടെയും മൊഴിയെടുത്തിരുന്നു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉള്‍പ്പെടെ സ്വപ്‌ന പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയതിന് പിന്നാലെ ഗൂഢാലോചന ആരോപിച്ച് കെ ടി ജലീല്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ കേസെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം സ്വപ്‌നയുടെ സഹായിയുടെയും മുന്‍ ഡ്രൈവറിന്റെയും മൊഴിയെടുത്തത്.

സ്വപ്ന വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ സമയത്ത് കൂടെ ഉണ്ടായിരുന്നതിനാലാണ് ഡ്രൈവറുടെ മൊഴിയെടുത്തത്. ഇയാളുടെ ഭാര്യയാണ് സ്വപ്‌നയ്‌ക്കൊപ്പം ഫ്‌ളാറ്റില്‍ സഹായിയായി ഉണ്ടായിരുന്നത്. അതുകൊണ്ട് സഹായിയുടെയും മൊഴിയെടുക്കുകയായിരുന്നു.

Read more

സ്വര്‍ണക്കടത്ത് കേസിലെ വെളിപ്പെടുത്തലിന് ശേഷം ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് പോവുകയും ചെയ്തിരുന്നു. അന്വേഷണസംഘത്തിലെ എസിപി വി.കെ.രാജുവിന്റെ നേതൃത്വത്തിലുള്ള സംഘം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനില്‍ വച്ചാണ് ഇരുവരുടെയും മൊഴി രേഖപ്പെടുത്തിയത്.