മൗലികാവകാശങ്ങൾ നൽകി പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം: അലഹബാദ് ഹൈക്കോടതി

പശു ഇന്ത്യയുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അലഹബാദ് ഹൈക്കോടതി ബുധനാഴ്ച പറഞ്ഞു. ഉത്തർപ്രദേശിലെ ഗോവധ നിരോധന നിയമപ്രകാരം ജാവേദ് എന്ന വ്യക്തിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

പശുക്കൾക്ക് മൗലികാവകാശങ്ങൾ നൽകുന്നതിനുള്ള ഒരു ബിൽ സർക്കാർ പാർലമെന്റിൽ പാസാക്കണമെന്ന് സിംഗിൾ ബെഞ്ച് ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവ് പറഞ്ഞു.

പശു സംരക്ഷണത്തിനുള്ള ഉത്തരവാദിത്വം ഒരു മതവിഭാഗത്തിന്റെ മാത്രമല്ല, പശു ഇന്ത്യയുടെ സംസ്കാരമാണെന്നും മതം നോക്കാതെ രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരനും തന്റെ സംസ്കാരത്തെ സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു.

പശുവിനെ ബഹുമാനിച്ചാൽ മാത്രമേ രാജ്യം അഭിവൃദ്ധിപ്പെടുകയുള്ളൂ എന്ന് കോടതി പറഞ്ഞതായി ബാർ ആൻഡ് ബെഞ്ച് റിപ്പോർട്ട് ചെയ്തു. വ്യത്യസ്ത മതങ്ങളിൽപ്പെട്ട ആളുകൾ ജീവിക്കുന്ന ലോകത്തിലെ ഒരേയൊരു രാജ്യം ഇന്ത്യയാണെന്നും വ്യത്യസ്ത മതത്തിൽ പെട്ടവരാണെങ്കിലും രാജ്യത്തോടുള്ള മനോഭാവം സമാനമാണെന്നും കോടതി അഭിപ്രായപ്പെട്ടു.

“ഇത്തരമൊരു സാഹചര്യത്തിൽ, ഇന്ത്യയെ ഒന്നിപ്പിക്കാനും അതിന്റെ വിശ്വാസത്തെ പിന്തുണയ്ക്കാനും എല്ലാവരും ഒരു ചുവട് മുന്നോട്ട് വെക്കുമ്പോൾ, രാജ്യതാൽപ്പര്യത്തിന് ഒട്ടും യോജിക്കാത്ത വിശ്വാസമുള്ള ചില ആളുകൾ, അവർ ഇങ്ങനെ പെരുമാറി രാജ്യത്തെ ദുർബലപ്പെടുത്തുകയേയുള്ളൂ. മേൽപ്പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം തെളിയിക്കപ്പെട്ടിട്ടുണ്ട്.” ജാമ്യം നിഷേധിച്ചുകൊണ്ട് കോടതി പറഞ്ഞു.

Read more

പ്രതി മുമ്പ് സമാനമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരുന്നതായി പരാമർശിച്ച കോടതി, ജാമ്യം അനുവദിക്കുകയാണെങ്കിൽ, അത് സമൂഹത്തിന്റെ ഐക്യം തകരാറിലാക്കുമെന്നും പറഞ്ഞു.