പുരോഗതിയില്ലാതെ കെ ഫോൺ പദ്ധതി; ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം, സൗജന്യ കണക്ഷൻ മൂന്നിലൊന്ന് പോലും ആയില്ല, സാമ്പത്തിക പ്രതിസന്ധിയും രൂക്ഷം

കൊട്ടിഘോഷിച്ച് ആഘോഷം നടത്തിയ സർക്കാരിന്റെ അഭിമാന പദ്ധതിയായ കെ ഫോണും ഇപ്പോൾ അവതാളത്തിലാണ്.ഉദ്ഘാടനം കഴിഞ്ഞ് ആറ് മാസം പിന്നിടുമ്പോഴും കെ ഫോൺ സൗജന്യ കണക്ഷനിൽ കാര്യമായ പുരോഗതിയൊന്നും കാണാനായിട്ടില്ല. ആദ്യ ഘട്ടത്തിൽ പ്രഖ്യാപിച്ച സൗജന്യ കണക്ഷൻ മൂന്നിലൊന്ന് പോലും ഇതുവരെ കൊടുത്ത് തീര്‍ക്കാൻ ആയില്ലെന്ന് മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നുണ്ട്.

സാമ്പത്തികമായും സാമൂഹ്യമായും പിന്നോക്കം നിൽക്കുന്നവര്‍ക്കാണ് സൗജന്യ കണക്ഷൻ പ്രഖ്യാപിച്ചത്. പദ്ധതിയിൽ പുരോഗതിയില്ലെന്നതുമാത്രമല്ല കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇപ്പോൾ വില്ലനാണ്.ദൈനംദിന പ്രവര്‍ത്തന ചെലവിന് പുറമെ കിഫ്ബിയിൽ നിന്ന് എടുത്ത വായ്പ തിരിച്ചടവ് കൂടി കണക്കാക്കുമ്പോൾ പ്രതിസന്ധി രൂക്ഷമാകും.

ജൂൺ അഞ്ചിനായിരുന്നു കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം. 20 ലക്ഷം പേര്‍ക്കാണ് സൗജന്യ ഇന്‍റര്‍നെറ്റ് കണക്ഷൻ ലക്ഷ്യമിട്ടത്. 14,000 പേരെ ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തു. ഉദ്ഘാടന സമയത്ത് 2,105 വീടുകളിൽ കണക്ഷൻ എത്തിയെങ്കിൽ ഏഴ് മാസത്തിനിപ്പുറം സൗജന്യ കണക്ഷൻ ഉപയോഗിക്കുന്നത് 3,715 വീടുകളിൽ മാത്രമാണ്.

7,412 ഓഫീസുകളുടെ കണക്കാണ് മുഖ്യമന്ത്രി ഏഴുമാസം മുൻപ് പറഞ്ഞതെങ്കിൽ അത് 18063 ആയതേ ഉള്ളു. ആദ്യഘട്ട സൗജന്യ കണക്ഷൻ ഉദ്ഘാടനം കഴിഞ്ഞ് ഒരുമാസത്തിനകം എന്ന വാക്ക് ഏഴ് മാസമായിട്ടും പാലിക്കാൻ കെ ഫോണിന് ഇതുവരെ കഴിഞ്ഞില്ല. മാത്രമല്ല 14000 വീടുകളുടെ കൃത്യമായ വിവരങ്ങൾ ഇത് വരെ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുമില്ല.

Read more

ഓഫീസ് ചെലവിനത്തിലും കെഎസിഇബി വാടകയിനത്തിലും പ്രതിമാസം 30 കോടി പ്രവര്‍ത്തനചെലവ് അടക്കം വൻ സാമ്പത്തിക ബാധ്യതയുമുണ്ട് കെ ഫോണിന്. സര്‍ക്കാര്‍ സഹായം സമയത്ത് കിട്ടുന്നില്ല. വാണിജ്യ കണക്ഷൻ അടക്കം വരുമാന വര്‍ധന മാര്‍ഗ്ഗങ്ങൾ പ്രതീക്ഷിച്ച വേഗതയിൽ നടക്കുന്നുമില്ല. വാര്‍ഷിക പരിപാലന തുക മാറ്റിവച്ചാൽ 1168 കോടി രൂപയ്ക്കാണ് കെ ഫോൺ പദ്ധതി നടത്തിപ്പ്. 70 ശതമാനം തുക കിഫ്ബി ഫണ്ടാണ്. പലിശ സഹിതം തിരിച്ചടക്കാൻ വര്‍ഷം 100 കോടി വീതം കണ്ടെത്തണം.