6.88 ലക്ഷം പേര്‍ക്കുള്ള കേന്ദ്ര വിഹിതം കേരളം നല്‍കി; ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്നു മുതല്‍; 62 ലക്ഷം പേര്‍ക്ക് 3200 രൂപവീതം ലഭിക്കും

സംസ്ഥാനത്ത് 62 ലക്ഷം പേര്‍ക്ക് സാമൂഹ്യ സുരക്ഷ, ക്ഷേമ പെന്‍ഷനുകളുടെ രണ്ടു ഗഡു ഇന്നു മുതല്‍ വിതരണം ചെയ്യും. 3200 രൂപവീതമാണ് ലഭിക്കുക. കഴിഞ്ഞമാസം ഒരു ഗഡു വിതരണം ചെയ്തിരുന്നു. ഇതോടെ വിഷു, ഈസ്റ്റര്‍, റംസാന്‍ കാലത്ത് 4800 രൂപവീതമാണ് ഓരോരുത്തര്‍ക്കും ഉറപ്പാക്കിയത്. പെന്‍ഷന്‍ അടക്കം ക്ഷേമ, വികസന പ്രവര്‍ത്തനങ്ങള്‍ മുടക്കാന്‍ കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തരണം ചെയ്താണ് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ ചേര്‍ത്തുപിടിക്കുന്നത്. മൂന്നു ഗഡു പെന്‍ഷനായി 2700ഓളം കോടി രൂപയാണ് സംസ്ഥാനം ചെലവഴിക്കുന്നത്.

ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കിയവര്‍ക്ക് അക്കൗണ്ടുവഴിയും മറ്റുള്ളവര്‍ക്ക് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് വീട്ടിലും പെന്‍ഷന്‍ എത്തിക്കും. മസ്റ്ററിങ് നടത്തിയ മുഴുവന്‍ പേര്‍ക്കും തുക ലഭിക്കും. 6.88 ലക്ഷം പേര്‍ക്കുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതവും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പെന്‍ഷന്‍ വിഹിതം മുടക്കിയ സാഹചര്യത്തിലാണ് കേരളം മുന്‍കൂറായി തുക നല്‍കുന്നത്.

Read more

സംസ്ഥാന സര്‍ക്കാര്‍ 62 ലക്ഷം പേര്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതില്‍ 6.88 ലക്ഷം പേര്‍ക്കാണ് തുച്ഛമായ കേന്ദ്ര വിഹിതം ലഭിക്കുന്നത്. ഇതിലാണ് ഒരു വര്‍ഷത്തോളമായി കേന്ദ്രസര്‍ക്കാര്‍ കുടിശ്ശിക വരുത്തിയിരിക്കുന്നത്. വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍ എന്നീ മൂന്നിനങ്ങള്‍ക്ക് 200 രൂപ, 300 രൂപ, 500 രൂപ എന്നിങ്ങനെയാണ് കേന്ദ്ര സഹായം.