മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സയ്ക്കായി പണം അനുവദിച്ച ഉത്തരവില്‍ പിഴവ്; റദ്ദാക്കി സര്‍ക്കാര്‍

മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടി പണം അനുവദിച്ച ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. 29.82 ലക്ഷം രൂപ അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് വസ്തുതാപരമായി പിശക് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടി റദ്ദാക്കിയത്.

മാര്‍ച്ച് 30ന് മുഖ്യമന്ത്രി നേരിട്ട് സമര്‍പ്പിച്ച അപേക്ഷയില്‍ ഈ മാസം 13നാണ് പണം അനുവദിച്ചുകൊണ്ട് പൊതുഭരണം വിഭാഗം ഉത്തരവ് പുറപ്പെടുവിച്ചത്. ജനുവരി 11 മുതല്‍ 26 വരെയുള്ള കാലയളവിലെ മുഖ്യമന്ത്രിയുടെ മയോ ക്ലിനിക്കിലെ ചികിത്സക്കായാണ് പണം അനുവദിക്കുന്നത് എന്നായിരുന്നു ഉത്തരവ്.

ഉത്തരവ് റദ്ദാക്കിയതോടെ പണം ലഭിക്കാന്‍ പുതുക്കിയ ഉത്തരവ് ഇറങ്ങുന്നത് വരെ കാത്തിരിക്കണം. പുതിയ ഉത്തരവിനായി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി പുതിയ അപേക്ഷ സമര്‍പ്പിക്കും. 29,82,039 രൂപയാണ് മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്ക്കായി ചെലവായത്.

ജനുവരി 15നാണ് മുഖ്യമന്ത്രി ഭാര്യ കമലക്കും പേഴ്‌സണല്‍ അസിസ്റ്റന്റ് സുനീഷിനുമൊപ്പം ചികിത്സക്കായി അമേരിക്കയിലേക്ക് പോയത്. ചികിത്സയ്ക്ക് ശേഷം ദുബായിയിലെത്തി എക്‌സ്‌പോയില്‍ പങ്കെടുത്തതിന് ശേഷം ജനുവരി 29നാണ് അദ്ദേഹം കേരളത്തില്‍ മടങ്ങിയെത്തിയത്.