സുപ്രീംകോടതിയില്‍ ഹാജരാക്കിയത് വ്യാജ രേഖകള്‍; വണ്‍ എര്‍ത്ത് വണ്‍ ലൈഫിനെതിരെ കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍

ഇടുക്കി ജില്ലയിലെ വനഭൂമി സംബന്ധിച്ച് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് എന്ന പരിസ്ഥിതി സംഘടന സുപ്രീം കോടതിയില്‍ ഹാജരാക്കിയത് വ്യാജ രേഖകളെന്ന് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍. രണ്ട് ലക്ഷം ഏക്കറിലേറെ സ്ഥലം വനഭൂമിയെന്ന് സ്ഥാപിക്കാനായാണ് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് വ്യാജ രേഖകള്‍ സമര്‍പ്പിച്ചതെന്നാണ് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നത്.

സെന്‍ട്രല്‍ എംപവേര്‍ഡ് കമ്മിറ്റിയ്ക്ക് മുന്‍പാകെ വ്യാജ രേഖകള്‍ തെളിയിക്കുന്നതിനായി അനുബന്ധ രേഖകളും കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ ഹാജരാക്കി. സിഇസിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ഗ്രോവേഴ്‌സ് അസോസിയേഷന്‍ തങ്ങളുടെ വാദങ്ങള്‍ക്കൊപ്പം അനുബന്ധ രേഖകളും ഹാജരാക്കിയത്.

റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്റ് റവന്യു കമ്മീഷണര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്, കോട്ടയം ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, വണ്‍ എര്‍ത്ത് വണ്‍ ലൈഫ് പ്രതിനിധി എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. 1897 ഓഗസ്റ്റില്‍ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ തൊടുപുഴ താലൂക്കിലെ കരിമണ്ണൂര്‍-കാരിക്കോട് വില്ലേജുകളിലെ 15720 ഏക്കര്‍ വനഭൂമിയായി പ്രഖ്യാപിച്ചിരുന്നുവെന്നും എന്നാല്‍ ഇതില്‍ തിരുത്തല്‍ വരുത്തിയെന്നും ഗ്രോവേഴ്‌സ് അസോസിയേഷന്‍ ആരോപിക്കുന്നു.

Read more

വിജ്ഞാപനത്തിലെ 15720 എന്നതിനെ 215720 ഏക്കര്‍ എന്ന് തിരുത്തിയെന്നാണ് അസോസിയേഷന്റെ ആരോപണം. ഇതേ തുടര്‍ന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്കായി പുതിയ റിപ്പോര്‍ട്ട് സിഇസി അമിക്കസ് ക്യൂറി കെ പരമേശ്വര്‍ വഴി കൈമാറും.