സർക്കാർ കരാറുകാരുടെ കുടിശ്ശികയുടെ കാര്യത്തിലും പരുങ്ങലിലായി ധനവകുപ്പ്. കരാറുകാർക്ക് സർക്കാർ നൽകാനുള്ള കുടിശ്ശിക 16,000 കോടിയോളം രൂപയായി. പല വകുപ്പുകളിലും ചെയ്ത ജോലിക്കുള്ള പണം ഒരു വർഷത്തിനിടെ നൽകിയിട്ടില്ല. പൊതുമരാമത്ത് വകുപ്പിൽ മാത്രം എട്ടു മാസത്തത്തെ പണം കരാറുകാർക്ക് നൽകാനുണ്ട്. ഏകദേശം 7000 കോടി രൂപയോളം വരുമിത്.
നിലവിലെ സ്ഥിതി മാർച്ച് വരെയും മാറില്ലെന്നാണ് ധനവകുപ്പ് നൽകുന്ന സൂചന. ചെയ്ത ജോലിക്കുള്ള പണം ലഭിക്കാത്തതിനാൽ പഞ്ചായത്ത് തലങ്ങളിലെ ഗ്രാമീണ റോഡ് നവീകരണം പോലും കരാറുകാർ നിർത്തിവെച്ചിരിക്കുകയാണ്. ജലവിഭവ വകുപ്പിലാകട്ടെ 18 മാസമായുള്ള ബില്ലുകൾ മാറാതെ കെട്ടിക്കിടക്കുകയാണ്. വെള്ളക്കുഴലുകളുടെയും പമ്പ് ഹൗസുകളുടെയും അറ്റക്കുറ്റപ്പണിപോലും ചെയ്യാൻ കഴിയാത്ത അത്ര പ്രതിസന്ധിയാണ് നേരിടുന്നത്. 1000 കോടിയുടെ ബില്ലാണ് കുടിശ്ശികയായിട്ടുള്ളത്.
ഓണത്തിനു മുമ്പ് വരെ അഞ്ചുലക്ഷം രൂപ വരെയുള്ള ബില്ലുകൾ ട്രഷറിയിൽ മാറിയിരുന്നു. ഇപ്പോൾ അതുമില്ലാത്തതാണ് പ്രതിസന്ധിയുടെ ആക്കം കൂട്ടിയത്. കുടിശ്ശിക ബാങ്കു വഴി വായ്പാരൂപത്തിൽ നൽകുന്ന രീതിയും നിലച്ചു. ഇതിന് പലിശവരും. പാതിപലിശ കരാറുകാരനും പാതി സർക്കാരുമാണ് ബാങ്കിന് നൽകേണ്ടത്.
കിഫ്ബിയിലെ ജോലികൾക്ക് 2000 കോടി രൂപയാണ് കുടിശ്ശിക. കിഫ്ബി തന്നെ കരുതൽധനം തീർന്ന് പ്രയാസത്തിലേക്ക് നീങ്ങുകയാണ്. മുഖ്യമന്ത്രിയുടെ പ്രാദേശിക റോഡ് വികസനം, എംഎൽഎമാരുടെ പ്രാദേശിക വികസന പദ്ധതികൾ, റീബിൽഡ് കേരള എന്നിവയിൽ ഒരു വർഷത്തെ പണം നൽകാനുണ്ട്. ഇവമാത്രം 6000 കോടി രൂപ വരും.
സർക്കാർ പണികൾക്ക് എടുക്കുന്ന സാമഗ്രികൾക്ക് പണംകിട്ടാൻ വൈകുമെന്നതിനാൽ അധിക ബില്ലാണ് ഏജൻസികളും ഉടമകളും ഈടാക്കുന്നത്. ഒരു ബാരൽ ടാറിന് 6500 രൂപയാണ് സർക്കാർ നിരക്ക്. കമ്പനികൾ ഇതിന് 10,000 രൂപയാണ് ഈടാക്കുന്നത്. മെറ്റൽ, പാറപ്പൊടി, സിമന്റ് തുടങ്ങിയ എല്ലാ സാമഗ്രികൾക്കും ഇതേനിലയാണ്. ക്വാറികൾ പലയിടത്തും കരാറുകാർക്ക് സാധനങ്ങൾ കൊടുക്കുന്നില്ല എന്നതും ജോലികൾ നിർത്തിവെക്കാൻ കരാറുകാരെ നിർബന്ധിതരാക്കുന്നുണ്ട്.
Read more
അതേസമയം ഈ കുടിശ്ശിക കണക്കുകൾ സർക്കാർ കരാറുകാരുടേതു മാത്രമാണ്. പല സംഘങ്ങളും ഏജൻസികളും ടെൻഡറെടുത്ത് ജോലികൾ ചെയ്യുന്നുണ്ട്. അവർക്കും ഒരു വർഷം വരെയുള്ള പണംകിട്ടാനുണ്ട്. ധനവകുപ്പും സർക്കാരും വൻ സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതെന്നാണ് ഈ കാര്യങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ വലിയ കുടിശ്ശിക ഇല്ലെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാലിന്റെ വാദം. ബിൽ ഡിസ്കൗണ്ടിങ് വഴി കുടിശ്ശിക കാര്യമായി കൊടുത്തിട്ടുണ്ട്. ബാക്കിയുള്ളത് ഉടൻ കൊടുത്തുതീർക്കും എന്നുമാണ് മന്ത്രി പറയുന്നത്.