നിപയിൽ കോഴിക്കോട് ജാഗ്രത; വവ്വാലിന്റെ സാന്നിധ്യമുളള പ്രദേശത്തെ തെങ്ങ്, പന എന്നിവയിൽ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്ന് ആരോഗ്യമന്ത്രി

നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ആരോഗ്യവകുപ്പ്. നിയമസഭയിൽ ചട്ടം 300 പ്രകാരമുള്ള പ്രസ്താവന നടത്തുന്നതിനിടെ ആരോഗ്യമന്ത്രിയാണ് കൂടുതൽ നിർദേശങ്ങൾ നൽകിയത്. കോഴിക്കോട് വവ്വാലിൻ്റെ സാന്നിധ്യമുളള സ്ഥലങ്ങളിലെ തെങ്ങ്, പന എന്നിവയിൽ നിന്നുള്ള പാനീയമോ ഫലങ്ങളോ ഉപയോഗിക്കരുതെന്നാണ് പ്രധാന നിർദ്ദേശം.

നന്നായി വേവിച്ച ഇറച്ചി ഉപയോഗിക്കാവുന്നതാണ്. കോഴിക്കോട് ജില്ലയിൽ എല്ലാവരും മാസ്ക് ധരിക്കണം. ‌ആവശ്യമില്ലാത്ത സാഹചര്യത്തിൽ ആശു‌പത്രി സന്ദർശനം ഒഴിവാക്കണം. വവ്വാൽ അല്ലാതെ മറ്റൊരു സസ്തനിയിൽ നിന്നും രോഗം പടരുന്നതായി കണ്ടെത്തിയിട്ടില്ല. രോഗ ലക്ഷണം ഉള്ള കുട്ടികളെ സ്കൂളിൽ വിടരുതെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് ആശുപത്രിയിൽ നിപ ബാധിച്ചു ചികിത്സയിൽ കഴിയുന്ന യുവാവിൻ്റെ ആരോഗ്യ നില മെച്ചപ്പെട്ടതായാണ് അറിയിപ്പ്. ഈ രോഗിയുടെ പനി മാറിയെന്നും അണുബാധ കുറഞ്ഞെന്നുമാണ് റിപ്പോർട്ട്. എന്നാൽ നിപ വൈറസ് ബാധയേറ്റ് ചികിത്സയിൽ കഴിയുന്ന 9 വയസ്സുകാരൻ്റെ നിലയിൽ ഇതുവരെയും മാറ്റമുണ്ടായിട്ടില്ല. 9 വയസുകാരൻ്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം.

Read more

ആദ്യം നിപ ബാധിച്ച്‌ മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ നിലവിൽ ആകെ 706 പേരാണ് ഉൾപ്പെട്ടിരിക്കുന്നത്. ആദ്യം മരണപ്പെട്ട ആളുടെ സമ്പർക്ക പട്ടികയിൽ 371 പേരും രണ്ടാമത്തെ ആളുടെ സമ്പർക്കപട്ടികയിൽ 281 പേരുമാണ് ഉള്ളത്. ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ സമ്പർക്ക പട്ടികയിലുള്ളവരെയും ചേർത്താണ് 706 പേരുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കിയിട്ടുള്ളത്. ഇവരെല്ലാം ആശുപത്രികളിലും വീടുകളിലമായി നിപ നിരീക്ഷണത്തിൽ കഴിയുകയാണ്.