മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ നദികളിലകപ്പെട്ട അവശിഷ്ടങ്ങൾ നീക്കുന്നതെന്തായെന്ന് ഹൈക്കോടതി സർക്കാരിനോട്. എല്ലാം പേപ്പറിൽ നടക്കുന്നുണ്ടെന്നും യഥാർത്ഥ വർക്ക് നടത്താനാണ് കഴിയാത്തതെന്നും കോടതി പരിഹസിച്ചു. അതേസമയം മാർച്ചിൽ തുടങ്ങുമെന്ന് സർക്കാർ കോടതിയിൽ മറുപടി നൽകി. പുനരധിവാസ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്നും കോടതി പറഞ്ഞു.
അസസ്മെന്റ് കഴിഞ്ഞുവെന്നും സർക്കാർ അറിയിച്ചു. അവശിഷ്ടങ്ങൾ നീക്കുന്ന നടപടികൾ മാർച്ചിൽ തുടങ്ങുമെന്നും ജൂണിന് മുമ്പേ പുഴയുടെ ഫ്ലോ നേരെയാകുമെന്നാണ് പ്രതീക്ഷയെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മറുപടി നൽകി. അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്രം അനുവദിച്ച വായ്പ മാർച്ച് 31ന് മുമ്പായി ഉപയോഗിക്കണമെന്ന വ്യവസ്ഥ പ്രായോഗികമല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
എന്നാൽ ഏതൊക്കെ ആവശ്യങ്ങൾക്കാണ് ഈ തുക വിനിയോഗിക്കുന്നതെന്നുള്ള കാര്യം കോടതിയിൽ ഫയൽ ചെയ്യേണ്ടതാണെന്ന് സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. അത് ഫയൽ ചെയ്താൽ മാത്രമല്ലേ കേന്ദ്രസർക്കാരിനും കോടതിക്കും അറിയാൻ കഴിയൂ. പക്ഷേ പദ്ധതികൾ പൂർത്തിയാക്കാനുള്ള ടൈം ലിമിറ്റ് കോടതിയിൽ അറിയിക്കണമെന്നും ഡിവിഷൻ ബെഞ്ച് അറിയിച്ചു. ഏതൊക്കെ പദ്ധതികൾ എപ്പോൾ പൂർത്തിയാകുമെന്ന് സംസ്ഥാന സർക്കാരിന് അറിയേണ്ടതല്ലേ എന്നും കോടതി ആരാഞ്ഞു.