എല്‍ഡിഎഫില്‍ അവഗണന, രാജ്യസഭ സീറ്റിന് തങ്ങള്‍ അര്‍ഹര്‍; തിരഞ്ഞെടുപ്പിലെ തോല്‍വി പരിശോധിക്കണമെന്ന് ശ്രേയാംസ് കുമാര്‍

എല്‍ഡിഎഫില്‍ നിന്ന് കടുത്ത അവഗണന നേരിടുന്നതായി ആര്‍ജെഡി നേതാവ് ശ്രേയാംസ്‌കുമാര്‍. ആര്‍ജെഡിയ്ക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു. രാജ്യസഭ സീറ്റുമായി ഇടതുപക്ഷത്തേക്ക് വന്ന പാര്‍ട്ടിയാണ് ആര്‍ജെഡി. എന്നാല്‍ നിലവില്‍ പാര്‍ട്ടിയ്ക്ക് രാജ്യസഭ സീറ്റില്ലെന്നും ശ്രേയാംസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യസഭ സീറ്റ് ലഭിക്കാനുള്ള അര്‍ഹത ആര്‍ജെഡിയ്ക്കുണ്ട്. രാജ്യസഭ സീറ്റ് വേണമെന്ന ആവശ്യം ഇടതുപക്ഷത്തെ അറിയിക്കുമെന്നും ശ്രേയാംസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇതേ കുറിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. തൃശൂരിലെ തോല്‍വി പ്രതീക്ഷിച്ചതല്ലെന്നും ശ്രേയാംസ് കുമാര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോധിക്കണം. സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടോ എന്ന് വിശദമായ പഠനം നടത്തണം. ക്ഷേമ പെന്‍ഷന്‍ മുടങ്ങിയത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. സംസ്ഥാനത്തെ ഇടതുപക്ഷത്തിന്റെ തോല്‍വി സംബന്ധിച്ച് വിശദമായി ചര്‍ച്ച ചെയ്യണമെന്നും ശ്രേയാംസ് കുമാര്‍ അഭിപ്രായപ്പെട്ടു.