അനധികൃത മണല്‍ ഖനന കേസില്‍ ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസിന് ജാമ്യം. മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അനധികൃതമായി മണല്‍കടത്തിയ സംഭവത്തില്‍ മലങ്കര കത്തോലിക്ക സഭയിലെ വൈദികര്‍ക്ക് എതിരെയുള്ള കേസിലാണ് ജാമ്യം.
നേരത്തെ തിരുനെല്‍വേലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തമിഴ്‌നാട്ടിലെ താമരഭരണിയില്‍ നിന്ന് മണല്‍ കടത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട് ക്രൈംബ്രാഞ്ച് ബിഷപ്പ് ഉള്‍പ്പെടെ ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. ബിഷപ്പ് സാമുവല്‍ മാര്‍ ഐറേനിയസ്, വികാരി ജനറല്‍ ഷാജി തോമസ് മണിക്കുളം, പുരോഹിതന്‍മാരായ ജോര്‍ജ് സാമുവല്‍, ഷാജി തോമസ്, ജിജോ ജെയിംസ്, ജോര്‍ജ് കവിയല്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടിലെ അംബാസമുദ്രത്ത് പത്തനംതിട്ട രൂപതയ്ക്ക് 300 ഏക്കര്‍ സ്ഥലമുണ്ട്. 40 വര്‍ഷമായി സഭയുടെ അധീനതയിലുള്ള ഈ പ്രദേശത്ത് കൃഷി ചെയ്യുന്നതിനായി മാനുവല്‍ ജോര്‍ജ് എന്ന വ്യക്തിയെ കരാര്‍പ്രകാരം ചുമതലപ്പെടുത്തിയിരുന്നു. ക്രഷര്‍ യൂണിറ്റിനും കരിമണല്‍ ഖനനത്തിനുമായി ഈ സ്ഥലത്ത് മാനുവല്‍ ജോര്‍ജ് അനുമതി നേടിയിരുന്നു. താമര ഭരണിയില്‍ നിന്ന് ഇയാള്‍ 27,774 ക്യുബിക് മീറ്റര്‍ മണല്‍ കടത്തിയെന്ന് സബ് കളക്ടര്‍ പരിശോധന നടത്തിയപ്പോള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഭൂമിയുടെ ഉടമകള്‍ക്ക് മേല്‍ 9.57 കോടി രൂപ ചുമത്തുകയും ചെയ്തിരുന്നു.
Read more
കോവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി രൂപതാ അധികൃതര്‍ക്ക് സ്ഥലം സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ കാലയളവില്‍ മാനുവല്‍ ജോര്‍ജ് കരാര്‍ വ്യവസ്ഥ ലംഘിച്ചുവെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ കരാറില്‍ നിന്ന് ഒഴിവാക്കാനുള്ള നിയമ നടപടികള്‍ ആരംഭിച്ചു. മാനുവല്‍ ജോര്‍ജിനെതിരെ രൂപത നിയമ നടപടികള്‍ ആരംഭിച്ചിട്ടുണ്ട് എന്നും രൂപത അറിയിച്ചിരുന്നു.