യു.പിയേക്കാള്‍ മികച്ച സംസ്ഥാനമാണ് കേരളം എന്നു പറഞ്ഞാല്‍ രാജ്യദ്രോഹമാകുമോ: ഗവര്‍ണറെ വിമര്‍ശിച്ച് തോമസ് ഐസക്

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ധനകാര്യ മന്ത്രി തോമസ് ഐസക്. യുപിയെക്കാള്‍ മികച്ച സംസ്ഥാനമാണ് കേരളം എന്നു പറഞ്ഞാല്‍ രാജ്യദ്രോഹമാകുമോ എന്ന് അദ്ദേഹം ചോദിച്ചു. കേരളജനതയ്ക്ക് ഗവര്‍ണറോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞെന്നും ഈ നാടിന്റെയാകെ അനിഷ്ടം വേണ്ടുവോളം സമ്പാദിച്ചു കഴിഞ്ഞ അങ്ങ് എത്രയും വേഗം രാജിവെച്ച് മുഴുവന്‍ സമയ സംഘപരിവാര്‍ പ്രവര്‍ത്തകനാവണമെന്നും ഐസ്‌ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ഇങ്ങനെ..

ഗവര്‍ണര്‍ സാറിനോട് ഖേദപൂര്‍വം പറയട്ടെ, കേരളജനതയ്ക്ക് അങ്ങയോടുള്ള പ്രീതി എന്നേ നഷ്ടപ്പെട്ടു കഴിഞ്ഞു. ഈ നാടിന്റെയാകെ അനിഷ്ടം വേണ്ടുവോളം സമ്പാദിച്ചു കഴിഞ്ഞ അങ്ങ് എത്രയും വേഗം രാജിവെച്ച് മുഴുവന്‍ സമയ സംഘപരിവാര്‍ പ്രവര്‍ത്തകനാവണം. അവരെ പ്രീതിപ്പെടുത്താനാണല്ലോ അങ്ങ് ഈ സര്‍ക്കസുകളെല്ലാം കാണിക്കുന്നത്. അതിന് ഈ പദവി ഇങ്ങനെ ദുരുപയോഗം ചെയ്യരുത്. അങ്ങ്, ഈ നാടിനെയും ജനതയെയും കണക്കറ്റ് അധിക്ഷേപിക്കുകയാണ്. ജനാധിപത്യസംസ്‌ക്കാരത്തിന്റെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്നതുകൊണ്ടാണ് ഈ നാട് അങ്ങയോട് ക്ഷമിക്കുന്നത്. ഓരോ ദിവസവും പരിഹാസ്യതയുടെ പുതിയ ആഴങ്ങളിലേയ്ക്കാണ് അങ്ങ് വീഴുന്നത്. ധനമന്ത്രി ബാലഗോപാലിലുള്ള പ്രീതി നഷ്ടപ്പെട്ടു എന്നറിയിച്ചുകൊണ്ട് മുഖ്യമന്ത്രിയ്ക്കു നല്‍കിയ കത്ത് വായിച്ചപ്പോള്‍ ചിരിയാണ് വന്നത്. ബാലഗോപാലിന്റേത് രാജ്യദ്രോഹപരമായ പരാമര്‍ശങ്ങളാണ് എന്നാണ് താങ്കള്‍ വ്യാഖ്യാനിക്കുന്നത്.

അതിലെന്താണ് രാജ്യദ്രോഹം? യുപിയെക്കാള്‍ മികച്ച സംസ്ഥാനമാണ് കേരളം എന്നു പറഞ്ഞാല്‍ രാജ്യദ്രോഹമാകുമോ? കഴിഞ്ഞ യുപി തിരഞ്ഞെടുപ്പുകാലത്താണല്ലോ, യോഗി ആദിത്യനാഥ് കേരളത്തെ അവഹേളിക്കുന്ന പ്രസ്താവന നടത്തിയത്? കേരളത്തിലെ ഭരണപ്രതിപക്ഷ ഭേദമെന്യേ എല്ലാവരും യോഗി ആദിത്യനാഥിന്റെ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു. അപ്പോഴൊന്നും കേരള ഗവര്‍ണറെ ആരും കണ്ടില്ലല്ലോ. കേരളം യുപിയേക്കാള്‍ മികച്ച സംസ്ഥാനമാണെന്നും ആ മികവ് യുപിയിലുള്ള ചിലര്‍ക്ക് മനസിലാകില്ലെന്നും പ്രസംഗിച്ചാലുടനെ രാജ്യദ്രോഹമാകുമോ? ഇത്തരം തരംതാണ പരാമര്‍ശങ്ങള്‍മൂലം സ്വയം അപഹാസ്യനാവുകയാണ് എന്ന് തിരിച്ചറിയാനുള്ള വിവേക ബുദ്ധി എന്നേ ഗവര്‍ണര്‍ക്ക് നഷ്ടപ്പെട്ടു കഴിഞ്ഞു.

കേരളം ലഹരിയുടെ തലസ്ഥാനമാണ് എന്നാണ് കേരളത്തിന്റെ ഗവര്‍ണറുടെ ആക്ഷേപം. പത്രസമ്മേളനത്തിലാണ് ഈ അസംബന്ധം അദ്ദേഹം വിളിച്ചു പറഞ്ഞത്. എന്തു വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ ആക്ഷേപം? തന്റെ വാദം സാധൂകരിക്കാന്‍ അദ്ദേഹത്തിന്റെ കൈവശം എന്തെങ്കിലും വിവരങ്ങളുണ്ടോ? ഇന്ത്യാ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച വസ്തുതകള്‍ അങ്ങയുടെ വാദത്തിനു വിരുദ്ധമാണ്. ഇന്ത്യയില്‍ ഏറ്റവും മാതൃകാപരമായി ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്ന സംസ്ഥാനമാണ് കേരളം. ഇത്രയ്ക്ക് ജനകീയമായി ആ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്ന മറ്റൊരു സംസ്ഥാനവുമില്ല. ആ വ്യത്യസ്തതയില്‍ സന്തോഷിക്കുകയല്ല ഗവര്‍ണര്‍ ചെയ്യുന്നത്. കേരളത്തിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളോട് എന്തിനാണ് അദ്ദേഹത്തിന് ഇത്ര ഈര്‍ഷ്യ എന്നറിയില്ല. ഏതായാലും ഈ കാര്യത്തിലും യുപിയെക്കാള്‍ മുന്നിലാണ് കേരളത്തിന്റെ സ്ഥാനം.

മദ്യം, ലോട്ടറി എന്നിവയില്‍ നിന്നുള്ള വരുമാനമാണ് കേരളത്തിന് ആകെയുള്ളത് എന്ന അസംബന്ധവും ഈയിടെയായി അദ്ദേഹം എഴുന്നെള്ളിച്ചുകൊണ്ട് നടക്കാറുണ്ട്. അവിടെയും താരതമ്യം തന്നെയാണ് കേരളത്തിന്റെ മറുപടി. മദ്യത്തില്‍ നിന്നുള്ള വരുമാനം തുകയിലും ശതമാനത്തിലും അങ്ങയുടെ ജന്മനാടായ യുപിയുടെ സ്ഥാനം കേരളത്തിനു മുകളിലാണെന്നാണ് ഇന്ത്യാ സര്‍ക്കാരിന്റെ കണക്കുകള്‍. ജി.എസ്.ടി നികുതി വര്‍ദ്ധിപ്പിച്ചതിനുശേഷം ലോട്ടറിയില്‍ നിന്നുള്ള കേരള സര്‍ക്കാരിന്റെ ലാഭം വിറ്റുവരവിന്റെ 3 ശതമാനം മാത്രമാണെന്നകാര്യം ഒരുപക്ഷേ അങ്ങേയ്ക്ക് അറിവുണ്ടാവില്ല.

ലോട്ടറി ആയാലും മദ്യം ആയാലും ഇന്നത്തെ സര്‍ക്കാര്‍ കൂടുതലായൊന്നും ഈടാക്കിയിട്ടില്ല. എത്രയോ സര്‍ക്കാരുകള്‍ മാറിമാറി വന്നപ്പോഴും ഇതൊക്കെ ഇവിടെ ഉണ്ടായിരുന്നു. അങ്ങ് അപമാനിക്കുന്നത് ഇന്നത്തെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിനെ അല്ല. കേരളത്തെയാണെന്ന് അങ്ങ് മനസിലാക്കണം.

Read more

എല്ലാ വികസനസൂചകങ്ങളിലും കേരളം ദേശീയ ശരാശരിയേക്കാള്‍ എത്രയോ മുകളിലാണ്. സുദീര്‍ഘമായ ഒരു രാഷ്ട്രീയപ്രക്രിയയിലൂടെയാണ് ആ മേല്‍ക്കൈ കേരളത്തിന് ലഭിച്ചത്. അതില്‍ അഭിമാനിക്കാന്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കും മലയാളികള്‍ക്കെല്ലാം സ്വാഭാവികമായും അവകാശമുണ്ട്. ഇതു കേട്ടാലുടനെ പ്രീതി പോകുമെങ്കില്‍ ഇനിയതിനേ അദ്ദേഹത്തിന് നേരം കാണൂ..