ഐപിഎല്ലിൽ ഇതുവരെ കഴിഞ്ഞ മത്സരങ്ങളിൽ ഏറ്റവും ആവേശകരമായ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ഇന്നലെ നടന്ന പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റസിനെ ഒരു വിക്കറ്റിന് തകർത്താണ് ഡൽഹി തകർപ്പൻ ജയം സ്വന്തമാക്കിയത്. 31 പന്തിൽ 66 റൺസ് നേടിയ അശുതോഷ് ശർമ്മയാണ് ഡൽഹി ഒരിക്കലും വിചാരിക്കാത്ത ജയം സമ്മാനിച്ചത്. 210 എന്ന കൂറ്റൻ വിജയലക്ഷ്യം മുന്നിൽക്കണ്ട് ബാറ്റിംഗിനിറങ്ങിയ ഡൽഹി തുടക്കത്തിലെ പതർച്ചക്ക് ശേഷം തോൽവി മണത്തതാണ്. എന്നാൽ അവസാന ഓവറുകളിൽ ആഞ്ഞടിച്ച അശുതോഷ് ശർമ്മയും വിപ്രജ് നിഗവും അടക്കമുള്ള യുവതാരങ്ങൾ ഡൽഹിക്ക് ജയം സമ്മാനിക്കുക ആയിരുന്നു.
ഡൽഹിയുടെ തകർപ്പൻ ജയത്തിന് പിന്നാലെ എല്ലാ കോണിൽ നിന്നും അശുതോഷിനും വിപ്രജിനും അഭിനന്ദനം കിട്ടുമ്പോൾ നാല് ഓവറിൽ നിന്ന് 20 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവിന്റെ പ്രകടനമാണ് തങ്ങൾക്ക് ജയം സമ്മാനിച്ചതെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. എൽഎസ്ജി ക്യാപ്റ്റൻ ഋഷഭ് പന്തിനെയും ആയുഷ് ബദോണിയെയും പുറത്താക്കി കളിയിൽ ഡൽഹിയെ തിരിച്ചുകൊണ്ടുവന്നത് കുൽദീപിന്റെ സ്പെൽ ആണ്.
“കുൽദീപ് യാദവ് ആയിരുന്നു അവസാനം വ്യത്യാസം വരുത്തിയത്. 400 ൽ കൂടുതൽ റൺസ് നേടിയ ഒരു മത്സരത്തിൽ അദ്ദേഹം 15 ഡോട്ട് ബോളുകൾ എറിഞ്ഞു. ഏറ്റവും എക്കണോമിക്കായി കളിച്ച ബൗളറായിരുന്നു കുൽദീപ്, രണ്ട് വിക്കറ്റുകളും വീഴ്ത്തി. അദ്ദേഹം പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. ചാമ്പ്യൻസ് ട്രോഫിയിൽ രോഹിത് ശർമ്മ അദ്ദേഹത്തെ പൂർണതയിലേക്ക് കൊണ്ടുവന്നതായി എനിക്ക് തോന്നുന്നു. ഐപിഎല്ലിലേക്ക് അദ്ദേഹം എത്തിയത് കുറച്ച് ഫോമോടെയാണ്,” മുഹമ്മദ് കൈഫ് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.
കൈഫിന്റെ പ്രസ്താവനയോട് ആകാശ് ചോപ്ര യോജിച്ചു. “ഐപിഎല്ലിൽ ഒരു ബൗളർ തന്റെ 4 ഓവറിൽ നിന്ന് 20 റൺസ് മാത്രം വിട്ടുകൊടുത്തതായി ചിന്തിക്കാൻ പറ്റുമോ. അദ്ദേഹം റൺസ് നൽകിയില്ല, ലഖ്‌നൗ വലിയൊരു സ്‌കോർ നേടുന്നതിൽ നിന്ന് ഡിസിയെ തടയാൻ സഹായിച്ചു,” അദ്ദേഹം പറഞ്ഞു.