കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി ജോസഫ് തന്നെ ചതിച്ചതാണെന്ന് സിപിഎം പ്രാദേശിക നേതാവ് മനോജ്. ജോളി വ്യാജ ഒസ്യത്തുണ്ടാക്കിയാണ് ഒപ്പിടാൻ വിളിച്ചതെന്ന് തനിയ്ക്ക് അറിയില്ലായിരുന്നു. താൻ ഒപ്പിട്ടത് മുദ്രപത്രത്തിലൊന്നുമല്ല, വെറും വെള്ളക്കടലാസിലാണ്. എൻഐടി ലക്ചററാണ് എന്ന് ജോളി സ്വയം പരിചയപ്പെടുത്തിയിരുന്നു. നാട്ടിലെല്ലാവരും പറഞ്ഞിരുന്നത് അവർ എൻഐടി അധ്യാപികയാണെന്ന് തന്നെയാണ്. 2007-ൽ ആദ്യ ഭർത്താവ് റോയിക്കും മക്കൾക്കും ഒപ്പം ജോളി സ്ഥലം നോക്കാൻ എൻഐടിയ്ക്ക് അടുത്ത് വന്നിരുന്നു. അങ്ങനെയാണ് ജോളിയെ ആദ്യം പരിചയപ്പെടുന്നതെന്നും മറ്റ് ഒരു പരിചയവുമില്ലെന്നും മനോജ് പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
Read more
എൻഐടിയ്ക്ക് അടുത്ത് കട്ടാങ്ങലിലെ സിപിഎം ലോക്കൽ കമ്മിറ്റി അംഗമാണ് മനോജ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയെന്ന് കാണിച്ച് ഇന്നലെ സിപിഎം മനോജിനെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയിരുന്നു. ജോളിയിൽ നിന്ന് പണം വാങ്ങി വ്യാജ ഒസ്യത്തിൽ ഒപ്പുവെച്ചു എന്നതാണ് മനോജിനെതിരെ ഉയർന്ന ആരോപണം. ഈ സാഹചര്യത്തിലാണ് മനോജ് പാർട്ടി നടപടി നേരിട്ടതും.