മുസ്ലീം ലീഗിനും പി കെ കുഞ്ഞാലിക്കുട്ടിക്കും എതിരെ നടത്തിയ വിവാദ പരാമര്‍ശങ്ങളില്‍ വിശദീകരണവുമായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ രംഗത്ത്. ലീഗിനും കുഞ്ഞാലിക്കുട്ടിക്കും എതിരെ പരാമര്‍ശങ്ങള്‍ നടത്തിയെന്ന വാര്‍ത്തകള്‍ തികച്ചും അടിസ്ഥാന രഹിതമാണെന്നാണ് സുധാകരന്റെ വിശദീകരണം.
ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുസ്ലീം ലീഗ് മുന്നണി വിടുമോയെന്ന ചോദ്യത്തിന് ഒരിക്കലും അതുണ്ടാകില്ല എന്ന മറുപടിയാണ് താന്‍ നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു. മുസ്ലീം ലീഗ് യു ഡി എഫിന്റെ അവിഭാജ്യഘടകമാണെന്നും കോണ്‍ഗ്രസ്സും ലീഗും തമ്മിലും നേതാക്കള്‍ തമ്മിലും ഒരിക്കലും ഉലയാത്ത ഹൃദയബന്ധമാണുള്ളതെന്നും കെ പി സി സി അധ്യക്ഷന്‍ വിശദീകരിച്ചു.
മുസ്ലീംലീഗ് ജനറല്‍ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായ പി കെ കുഞ്ഞാലികുട്ടിയും ഈ ബന്ധം നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമായ പങ്കാണ് വഹിച്ചതെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. മുസ്ലീംലീഗ് മുന്നണി വിടുമെന്നും, യു ഡി എഫ് ദുര്‍ബലമാകുമെന്നും ഉള്ള പ്രചരണങ്ങള്‍ ചിലരുടെ ദിവാസ്വപ്നങ്ങളില്‍ നിന്നും ഉദിച്ചതാണ്. യു ഡി എഫിന്റെ കെട്ടുറപ്പിന് മുസ്ലീംലീഗ് വഹിക്കുന്ന പങ്ക് നിസ്തുലമാണ് എന്ന ഉറച്ച ബോദ്ധ്യമുള്ളയാളാണ് താനെന്നും കെ സുധാകരന്‍ പ്രസ്താവനയിലൂടെ പറഞ്ഞു.
Read more
അതേസമയം അഭിമുഖത്തില്‍ പികെ കുഞ്ഞാലിക്കുട്ടി എന്ത് കൊണ്ടാണ് സി പി എമ്മിനോട് നിശ്ശബ്ബദതയെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് വിവാദമായത്. കുഞ്ഞാലിക്കുട്ടിയുടെ തലയില്‍ ഡെമോക്ലീസിന്റെ വാളുണ്ടല്ലോ എന്നായിരുന്നു അഭിമുഖത്തില്‍ സുധാകരന്‍ നല്‍കിയ മറുപടി. ഇതേ അഭിമുഖത്തില്‍ രാമായണത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഉദാഹരിച്ച് തെക്കന്‍ കേരളത്തെ കുറ്റപ്പെടുത്തിയ പരാമര്‍ശത്തിനെതിരെ വ്യാപകമായ പ്രതിഷേധമുണ്ടായിരുന്നു.