ഏഴു വർഷങ്ങള്‍ക്കിപ്പുറം കുറ്റപത്രം പൊളിച്ചെഴുതി ക്രൈംബ്രാഞ്ച്; നിയമസഭ കയ്യാങ്കളി കേസിൽ 2 മുൻ കോണ്‍ഗ്രസ് എംഎൽഎമാരെ കൂടി പ്രതിചേർക്കും

കേരള നിയമസഭയിലെ കയ്യാങ്കളി കേസിൽ കൂടുതൽ പേരെ  പ്രതിചേർക്കാൻ തീരുമാനിച്ച് ക്രൈംബ്രാഞ്ച്. രണ്ട് മുൻ കോണ്‍ഗ്രസ് എംഎൽഎമാരെയാണ് പുതുതായി പ്രതിപ്പട്ടികയിൽ ചേർത്തിരിക്കുന്നത്.  എംഎ വാഹിദ്, ശിവദാസൻ നായർ എന്നിവരെ പ്രതിചേർത്താണ്  കോടതിയിൽ റിപ്പോർട്ട് നൽകുക. വനിതാ എംഎൽഎയെ തടഞ്ഞുവെന്ന ചുറ്റം ചുമത്തിയാണ് പ്രതി ചേർക്കുക. ഇതുവരെ ഇടതു നേതാക്കള്‍ മാത്രമായിരുന്നു  കേസിലെ പ്രതികൾ. ഇപ്പോൾ ഏഴു വർഷങ്ങള്‍ക്ക് ശേഷമാണ്  കോണ്‍ഗ്രസ് നേതാക്കളെ കൂടി പ്രതി ചേർത്ത് കേസിലെ കുറ്റപത്രത്തിൽ മാറ്റം വരുത്തുന്നത്.

എംഎൽഎ ആയിരുന്നു ജമീല പ്രകാശത്തിനിനെ അന്യായമായി തടഞ്ഞുവച്ചതിനും കൈയേറ്റം ചെയ്തതിനുമാണ് എംഎ വാഹിദിനെയും ശിവദാസൻ നായരെയും പ്രതിചേർക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമം 341,323 എന്നീ വകുപ്പുകള്‍ ചുമത്തും. ഇടതു നേതാക്കള്‍ക്കൊപ്പം രണ്ട് കോണ്‍ഗ്രസ് നേതാക്കളെയും പ്രതി ചേർത്ത് കോടതിയിൽ റിപ്പോർട്ട് നൽകും. പൊതുമുതൽ നശിപ്പിച്ച വകുപ്പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ഉണ്ടാവില്ല.

വി ശിവൻകുട്ടിയും ഇ പിജയരാജനും മടക്കം ആറ് എൽഡിഎഫ് നേതാക്കളാണ് പൊതുമുതൽ നശിപ്പിച്ച കേസിലെ പ്രതികള്‍. കേസ് എഴുതിത്തളളാൻ സർക്കാരും, കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കൻ പ്രതികളും സുപ്രീംകോടതിവരെ പോയെങ്കിലും തിരിച്ചടി നേരിട്ടു. കേസ് റദ്ദാക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും കോടതിയെ സമീപിച്ചതോടെയാണ് നീക്കങ്ങള്‍ പാളിയത്.

കേസിൽ വിചാരണ തുടങ്ങാനിരിക്കെയാണ് ക്രൈംബ്രാഞ്ച് തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. അന്നത്തെ പ്രതിപക്ഷ എംഎൽഎമാർ ആക്രമിച്ച് പരിക്കേൽപ്പിച്ചിട്ടും അവരെ പ്രതിചേർത്തില്ലെന്ന ഇടതു വനിതാ നേതാക്കളുടെ പരാതിയിലാണ് ഡിജിപി തുടരന്വേഷണത്തിന് അനുമതി തേടിയത്. അന്ന് സഭയിലുണ്ടായിരുന്ന എംഎൽഎമാർ പുതിയ കുറ്റപത്രത്തിൽ സാക്ഷികളാകും.

Read more

പുതിയ കുറ്റപത്രത്തിനെതിരെ പ്രതിപക്ഷം ആഞ്ഞടിക്കാനാണ് സാധ്യത. പ്രതിപക്ഷത്തിനെതിരെ പൊലീസിനെ ഉപയോഗിച്ചുള്ള നീക്കമെന്നാരോപിച്ചാകും പ്രതിപക്ഷ പ്രതിഷേധം. കോടതിയുടെ അനുമതിയോടെയാണ് പുനരന്വേഷണവും പുതിയ കുറ്റപത്രമെന്ന വിശദീകരണമാകും സർക്കാർ നൽകുക.