ബജറ്റിലെ നികുതി വര്‍ദ്ധനക്കെതിരെ തിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നേതൃത്വത്തില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ സമരം നടത്തി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കോട്ടയത്ത് പ്രതിഷേധ പ്രകടനം നടത്തി. ബജറ്റ് വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
യൂത്ത് കോണ്‍ഗ്രസും യുവമോര്‍ച്ചയും സെക്രട്ടേറിയറ്റ് പടിക്കലേക്ക് മാര്‍ച്ച് നടത്തി. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ബജറ്റ് കത്തിച്ചാണ് പ്രതിഷേധ പ്രകടനം നടത്തിയത്. ജനങ്ങളുടെ മേല്‍ അധിക നികുതി അടിച്ചേല്‍പ്പിച്ച ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ രാജിവെയ്ക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സെക്രട്ടേറിയറ്റിന് മുന്നില്‍ വാഹനങ്ങള്‍ അടക്കം തടഞ്ഞുകാണ്ടാണ് പ്രതിഷേധം. പോലീസ് രണ്ടു മാര്‍ച്ചുകള്‍ക്കെതിരെയും ജലപീരങ്ങിയും ഗ്രനേഡും പ്രയോഗിച്ചു.
സര്‍വ മേഖലയിലും വിലക്കയറ്റത്തിന് വഴിവയ്ക്കുന്നതാണ് ഇന്നു ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ്. ഇന്ധനത്തിന് രണ്ട് രൂപ സെസ് ഈടാക്കിയുള്ള ബജറ്റ് പ്രഖ്യാപനം. ഇന്ധന വിലക്കയറ്റത്തില്‍ കേന്ദ്രം നികുതി കുറച്ചിട്ടും കേരളം കുറവ് വരുത്തിയിരുന്നില്ല. റോഡ് സെസ് എന്ന പേരില്‍ ഒരു ശതമാനം പിരിക്കുന്നതിനൊപ്പമാണ് രണ്ട് രൂപ അധിക സെസ് ഏര്‍പ്പെടുത്തിയുള്ള ഇരട്ടി പ്രഹരം
ഒറ്റ പ്രഖ്യാപനം ഒട്ടനവധി പ്രത്യാഘാതം. ഇതിനോടകം തന്നെ വിവാദമാണ് സംസ്ഥാനത്തെ ഇന്ധനത്തിലെ നികുതി ഘടന. ഇന്ധന വിലയെന്ന എരിതീയിലേക്ക് രണ്ട് രൂപ സെസ് കൂടി ഈടാക്കി എണ്ണയൊഴിക്കുമ്പോള്‍ സാധാരണക്കാര്‍ക്കാണ് പൊള്ളുന്നത്. ഒരു ലിറ്റര്‍ പെട്രോളിന് കേന്ദ്രം ഈടാക്കുന്നത് 19 രൂപ എന്നാല്‍ സംസ്ഥാനം ഈടാക്കുന്നത് 30 ശതമാനം ഏകദേശം 25 രൂപ.ഒരു ലിറ്റര്‍ പെട്രോളിന് ഒരു രൂപ അഡീഷണല്‍ ടാക്‌സും റോഡ് സെസ് എന്ന പേരില്‍ കിഫ്ബി വായ്പാ തിരിച്ചടവിന് ഒരു ശതമാനവും ഈടാക്കുന്നു. ഇതിനൊപ്പമാണ് ഇനി മുതല്‍ സാമൂഹ്യ സുരക്ഷാ സെസ് എന്ന പേരില്‍ രണ്ട് രൂപ കൂടി അധികം ഈടാക്കുന്നത്. ഇതോടെ വാറ്റിന് പുറമെ സംസ്ഥാനത്തിന്റെ സെസ് മാത്രം മൂന്നര രൂപയോളമാകും.ഡീസലിന് 22.76 ശതമാനമാണ് നികുതിയായി പിരിക്കുന്നത് ഇതിനൊപ്പം ഒരു രൂപ അധിക നികുതിയും ഒരു ശതമാനം റോഡ് സെസ്സും പിരിക്കുന്നത്.
Read more
ഡീസലിന് രണ്ട് രൂപ അധിക സെസ് കൂടി ഈടാക്കുമ്പോള്‍ ചരക്ക് ഗതാഗതത്തില്‍ ഉയരുന്ന ചെലവ് ഉപ്പുതൊട്ട് കര്‍പ്പൂരം വരയും ബാധിക്കും. ഓട്ടോ റിക്ഷാ, ബസ്, ടാക്‌സി മേഖലക്കും പുതിയ സെസ് തിരിച്ചടിയാണ്. എണ്ണകമ്പനികള്‍ നിരക്ക് ഉയര്‍ത്തുമ്പോള്‍ കഴിഞ്ഞ വര്‍ഷം കേന്ദ്രം നികുതി കുറച്ചിരുന്നു.ഇതിന് ആനുപാതികമായി കുറവ് സംസ്ഥാന നേരിട്ടെങ്കിലും സ്വന്തം നിലയില്‍ നികുതി കുറക്കാന്‍ സംസ്ഥാനം തയ്യാറിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നും രണ്ടുരൂപ സെസും കൂടി ഉയര്‍ത്തിയത്.