ഉപതിരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ സജീവമാകാതെ ആര്‍.എസ്.എസ്

സംസ്ഥാനത്ത് നടക്കുന്ന ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമാകാതെ ആര്‍എസ്എസ്. കര്‍ണാടക ആര്‍എസ്എസിനു കീഴിലുള്ള മഞ്ചേശ്വരം മണ്ഡലത്തിലും വട്ടിയൂര്‍ക്കാവിലും മാത്രമാണ് കാര്യമായ ഇടപെടല്‍ നടത്തുന്നത്. കുമ്മനം രാജശേഖരന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കപ്പെടാതെ പോയതിലെ ആര്‍എസ്എസ് അതൃപ്തി തെരഞ്ഞെടുപ്പ് രംഗത്ത് ബിജെപിയെ ആദ്യം മുതല്‍ തന്നെ ബാധിച്ചിരുന്നു.

മണ്ഡലങ്ങളില്‍ പ്രത്യേകം സംയോജകരെ മുന്‍കൂട്ടി തീരുമാനിക്കുക പതിവാണെങ്കിലും ഇക്കുറി അതെല്ലാം തെറ്റി. വട്ടിയൂര്‍ക്കാവില്‍ കാര്യവാഹക് പ്രസാദ് ബാബുവിനാണ് ചുമതല. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരനുവേണ്ടി പ്രവര്‍ത്തിച്ചതിന്റെ നാലിലൊന്നുപോലും പ്രവര്‍ത്തനക്ഷമമല്ല ഇക്കുറി സംഘടന.

കോന്നിയില്‍ കെ.ബി. ശ്രീകുമാറാണ് സംയോജകനെങ്കിലും വി. മുരളീധര പക്ഷത്തെ വിശ്വസ്തരാണ് പ്രചാരണം നയിക്കുന്നത്. അരൂരില്‍ ജില്ലാ സഹ കാര്യവാഹക് കെ.ആര്‍. സുബ്രഹ്മണ്യനെയാണ് ആര്‍എസ്എസ് ചുമതലപ്പെടുത്തിയത്. ബിഡിജെഎസ് – ബിജെപി ഏകോപനമില്ലായ്മ നിലനിര്‍ക്കുന്ന മണ്ഡലമാണിത്.

എറണാകുളത്ത് പ്രത്യേക ചുമതലക്കാരനെ നിശ്ചയിച്ചിട്ടില്ല. മഞ്ചേശ്വരത്ത് ആര്‍എസ്എസ് നോമിനിയായ രവീശ തന്ത്രിയാണ് സ്ഥാനാര്‍ഥിയെന്നതിനാല്‍ മണ്ഡലത്തിന്റെ ചുമതലയുള്ള കര്‍ണാടക സംഘപരിവാര്‍ നേതൃത്വം സജീവമായി രംഗത്തുണ്ട്.