കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയാക്കി കേരളം; 1389.35 കോടി രൂപ മുടക്കി 80 ശതമാനത്തിലധികം ഭൂമിയും ഏറ്റെടുത്തു

കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായുള്ള നടപടികള്‍ കേരളം പൂര്‍ത്തിയാക്കിയത് റെക്കോഡ് വേഗത്തില്‍. പത്തു മാസംകൊണ്ടാണ് ആവശ്യമുള്ളതിന്റെ 80 ശതമാനത്തിലധികം ഭൂമി ഏറ്റെടുത്തത്. ഇതിന്റെ പൂര്‍ണ ചെലവും സംസ്ഥാന സര്‍ക്കാരാണ് വഹിച്ചത്. കിഫ്ബി വഴി 1389.35 കോടി രൂപ സംസ്ഥാനം ഇതുവരെ ചെലവിട്ടു. നടപടി ക്രമം പൂര്‍ത്തിയാക്കിയിട്ടും ഒന്നര വര്‍ഷത്തിലധികം കേന്ദ്രാനുമതിക്കായി കാത്തിരിക്കേണ്ടി വന്നു.

രാജ്യത്താകെ ആറ് ഇടനാഴികളിലായി 12 വ്യവസായ ക്ലസ്റ്ററുകള്‍ക്കാണ് അനുമതി നല്‍കിയത്. ഏറ്റവും വേഗത്തില്‍ ഭൂമിയേറ്റെടുത്തത് കേരളത്തിലാണ്. ഇതിന് കേന്ദ്രം കേരളത്തെ അഭിനന്ദിക്കുകയും ചെയ്തു.

നാഷണല്‍ ഇന്റസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് ആന്‍ഡ് ഇംപ്ലിമെന്റേഷന്‍ ട്രസ്റ്റ് ബോര്‍ഡ് 2022 ഡിസംബര്‍ 14നാണ് പദ്ധതിക്ക് അംഗീകാരം നല്‍കിയത്. രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്തുതന്നെ അനുമതിക്കായി കേരളം കേന്ദ്രത്തെ സമീപിച്ചിരുന്നു. പുതിയ സര്‍ക്കാര്‍ വന്നശേഷം പ്രധാനമന്ത്രിയെയും കേന്ദ്ര വ്യവസായ മന്ത്രിയെയും വീണ്ടുംകണ്ട് ആവശ്യം ഉന്നയിച്ചു.

കേന്ദ്ര-, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 50 ശതമാനം വീതം പങ്കാളിത്തമുള്ള കേരള വ്യവസായ ഇടനാഴി വികസന കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുന്നത്. 3815 കോടി രൂപയാണ് ചെലവ്. ഇതില്‍ 1,789 കോടി രൂപവീതം സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും ചെലവിടും. പിഎം ഗതിശക്തിയുടെ ഭാഗമായി കണക്ടിവിറ്റിക്കായി 235 കോടി ചെലവാക്കും.

വ്യവസായ ഇടനാഴിയുടെ ഭാഗമായ കൊച്ചി ഗ്ലോബല്‍ സിറ്റിക്ക് കേന്ദ്രാനുമതി കാത്തിരിക്കുകയാണ്. ഗിഫ്റ്റ് സിറ്റി എന്ന പേരില്‍ 358 ഏക്കറാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഇതിനായി 850 കോടിയുടെ പദ്ധതിക്ക് കിഫ്ബി അനുമതി നല്‍കി. ഭൂമിയേറ്റെടുക്കല്‍ ആരംഭിച്ചപ്പോള്‍ പദ്ധതിയുടെ പേര് മാറ്റാന്‍ കേന്ദ്രം നിര്‍ദേശിച്ചു. തുടര്‍ന്ന് ഗ്ലോബല്‍ സിറ്റി എന്ന് പേരുമാറ്റിയെങ്കിലും പദ്ധതി തല്‍ക്കാലം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രം ആവശ്യപ്പെടുകയായിരുന്നു.