മന്ത്രിസ്ഥാനം സ്ത്രീധനം നല്‍കിയത്; മുഖ്യമന്ത്രിയ്ക്കും മന്ത്രി റിയാസിനും എതിരെ കെ.എം ഷാജി

മുഖ്യമന്ത്രി പിണറായി വിജയനെയും പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിനെയും പരിഹസിച്ച് മുസ്ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെ എം ഷാജി. പൊതുമരാമത്ത് – ടൂറിസം വകുപ്പും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വവും മുഖ്യമന്ത്രി മരുമകന് സ്ത്രീധനമായി കൊടുത്തതാണെന്ന് കെ എം ഷാജി പറഞ്ഞു.

കണ്ണൂര്‍ കൂത്തുപറമ്പില്‍ നടന്ന കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ അനുസ്മരണ ചടങ്ങില്‍ സംസാരിക്കവെയാണ് ഷാജിയുടെ പരാമര്‍ശം. സ്ത്രീധനത്തിനെതിരെ ഡിവൈഎഫ്്‌ഐ മുദ്രാവാക്യം വിളിക്കുന്നു. എന്നാല്‍ സ്വന്തം മരുമകന് പൊതുമരാമത്ത് വകുപ്പും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റംഗത്വവും സ്ത്രീധനമായി നല്‍കിയ മുഖ്യമന്ത്രിയാണ് ഇവിടെയുളളത്,’ കെ എം ഷാജി പറഞ്ഞു.

അനുസ്മരണ ചടങ്ങില്‍ ഷാജി പ്രധാനമായും വിമര്‍ശിച്ചത് സര്‍ക്കാരിനെയും ഡിവൈഎഫ്‌ഐയേയുമാണ്. പാര്‍ട്ടിയെ അക്രമിക്കുന്നവര്‍ക്ക് ഇരുളിന്റെ മറവില്‍ കൈ കൊടുക്കുന്നത് ലീഗിന്റെ ശൈലിയല്ലെന്നും ഷാജി വിമര്‍ശിച്ചു. ഇത് മുസ്ലിം ലീഗ് വിട്ട മുന്‍ മന്ത്രി കെടി ജലീലിന്റെ മക്കളുടെ വിവാഹ ചടങ്ങില്‍, ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി പങ്കെടുത്തതിലുള്ള വിമര്‍ശനമാണ് ഇതെന്നാണ് സൂചന.

Read more

കഴിഞ്ഞ ദിവസമായിരുന്നു കെ ടി ജലീലിന്റെ മക്കളുടെ നിക്കാഹ്. കുറ്റിപ്പുറത്ത് വച്ച് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള തുടങ്ങിയവും എത്തിയിരുന്നു. ചടങ്ങില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തതില്‍ ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്.