കൂടത്തായ് കൊലപാതക പരമ്പര കേസ്; ജോളിയുടെ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും

കൂടത്തായ് കൊലപാതക പരമ്പര കേസുകളില്‍ ഒന്നാം പ്രതിയായ ജോളി നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും. റോയ് തോമസ്, സിലി വധക്കേസുകളിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കോഴിക്കോട് പ്രത്യേക കോടതിയാണ് വാദം കേള്‍ക്കുക. ആല്‍ഫിന്‍, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു കൊല കേസുകള്‍ ഈ മാസം 31ന് പരിഗണിക്കും.

അതേസമയം ജയിലില്‍ വെച്ച് ജോളി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിഭാഗം നല്‍കിയ റിവിഷന്‍ ഹര്‍ജിയും ഇന്ന് പരിഗണിക്കും. കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയായിരുന്നു കൂടത്തായിലേത്. കൂടത്തായ് പൊന്നാമറ്റം വീട്ടില്‍ റോയ് തോമസിന്റെ സഹോദരന്‍ നല്‍കിയ പരാതിയിലാണ് അന്വേഷണം നടന്നത്.

Read more

പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കുന്നതിന് വേണ്ടി റോയ് തോമസിന്റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയിരുന്നു. ഇതിന് എതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 2011ല്‍ സയനൈഡ് ഉള്ളില്‍ച്ചെന്ന് മരിച്ച റോയ് തോമസ് യഥാര്‍ത്ഥത്തില്‍ കൊല്ലപ്പെട്ടതാണെന്ന് ഡിവൈഎസ്പി ആര്‍ ഹരിദാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തിയിരുന്നു. വടകര എസ് പിയായിരുന്ന കെജി സൈമണിന്റെ മേല്‍നോട്ടത്തില്‍ ആറ് അന്വേഷണസംഘങ്ങള്‍ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്.