മാടപ്പള്ളി സംഘര്‍ഷം; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം തുടരും

സംസ്ഥാനത്ത് സില്‍വര്‍ ലൈനെതിരായ പ്രതിഷേധം ശക്തമാകുന്നു. കോട്ടയം മാടപ്പള്ളിയിലെ സില്‍വര്‍ ലൈന്‍ വിരുദ്ധ പ്രതിഷേധം പൊലീസ് അക്രമത്തില്‍ കലാശിച്ച വിഷയം വീണ്ടും സഭയില്‍ ഉന്നയിക്കാന്‍ ഒരുങ്ങുകയാണ് പ്രതിപക്ഷം. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി മണ്ഡലത്തില്‍ ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബിജെപിയുടെ ഹര്‍ത്താലിന് കോണ്‍ഗ്രസും പിന്തുണ അറിയിച്ചിട്ടുണ്ട്.

മാടപ്പള്ളിയിലെ സംഘര്‍ഷം പ്രതിപക്ഷം ഇന്നലെയും സഭയില്‍ ഉയര്‍ത്തിയിരുന്നു. പൊലീസ് നടപടിയില്‍ എതിര്‍പ്പ് അറിയിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിക്കുകയും നിയമസഭയ്ക്ക് മുന്നില്‍ പ്രതിഷേധിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് അധികാരത്തിന്റെ അന്ധതയാണെന്നും സമരത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചിരുന്നു.

മാടപ്പിള്ളിയില്‍ ഇന്നലെയാണ് സംഘര്‍ഷം ഉണ്ടായത്. കല്ലിടലിന് എതിരെ പ്രതിഷേധം ശക്തമായതോടെ പൊലീസ് ലാത്തിവീശുകയായിരുന്നു. ആത്മഹത്യാ ഭീഷണി മുഴക്കി കയ്യില്‍ മണ്ണെണ്ണയുമായി എത്തിയ സ്ത്രീകള്‍ക്ക് നേരെയായിരുന്നു പൊലീസിന്റെ അതിക്രമം. പുരുഷ പൊലീസ് ഉള്‍പ്പെടെയാണ് വനിതാ പ്രതിഷേധക്കാരെ നീക്കിയത്. പ്രതിഷേധക്കാരുടെ കുട്ടികള്‍ അടക്കം സംഭവത്തിനിടയില്‍ ഉണ്ടായിരുന്നു.

രണ്ടും മൂന്നും വയസ് പ്രായമുള്ള കുട്ടികളുടെ മുന്നില്‍ വെച്ച് പ്രതിഷേധിക്കുന്ന അമ്മമാരെ ബലം പ്രയോഗിച്ച് പൊലീസ് നിലത്ത് വലിച്ചിഴച്ചു. സ്ത്രീകളെയടക്കം നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് പൊലീസ് പറയുന്നു. കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്നുമാണ് പൊലീസ് പറഞ്ഞത്.

അതേസമയം പ്രതിഷേധത്തിനിടെ അറസ്റ്റ് ചെയ്തവരെ വിട്ടയച്ചു. പ്രതിഷേധക്കാര്‍ ചങ്ങനാശ്ശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചിരുന്നു. പ്രായമായ സ്ത്രീകളെ ഉള്‍പ്പടെ അറസ്റ്റ്് ചെയ്തതില്‍ പ്രതിഷേധം ശക്തമായിരുന്നു.