കോട്ടയത്ത് ഷാന്‍ ബാബുവിനെ തട്ടിക്കൊണ്ടു പോയി കൊന്ന കേസില്‍ കസ്റ്റഡിയില്‍ ഉള്ളവരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഗുണ്ടകളായ പുല്‍ച്ചാടി എന്നറിയപ്പെടുന്ന ലുദീഷ്, സുധീഷ്, കിരണ്‍, ഓട്ടോ ഡ്രൈവര്‍ ബിനു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവര്‍.
കേസിലെ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് ജോമോന്‍ ജോസിനെ സംഭവദിവസം തന്നെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളെല്ലാം ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരാണ്. കഴിഞ്ഞ ഒക്ടോബറില്‍ ഒന്നാംപ്രതിയായ ജോമോന്റെ സുഹൃത്തിനെ ഷാനിന്റെ സുഹൃത്ത് തൃശൂരിലേക്ക് വിളിച്ചുവരുത്തി മര്‍ദ്ദിച്ചിരുന്നു. ഇത് ഫോണില്‍ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചു. ഈ ദൃശ്യങ്ങള്‍ക്ക് ഷാന്‍ ബാബുവും സുഹൃത്തുക്കളും ചില കമന്റുകള്‍ ചെയ്തത് ജോമോനും കൂട്ടാളികള്‍ക്കും അപമാനമുണ്ടാക്കി. ഈ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം.
അതേ സമയം ഷാനിന്റെ സുഹൃത്തായ സൂര്യന് വേണ്ടിയുള്ള തിരച്ചിലും ഊര്‍ജ്ജിതമാക്കി. തിങ്കളാഴ്ച പുലര്‍ച്ചെ മുന്ന് മണിയോടെയാണ് സംഭവം. വിമലഗിരി സ്വദേശി ഷാന്‍ ബാബുവിനെ ജോമോന്‍ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി പൊലീസ് സ്റ്റേഷന്‍ മുറ്റത്ത് എത്തിക്കുകയും പൊലീസുകാരോട് ഇയാളെ താന്‍ കൊലപ്പെടുത്തി എന്ന് പറഞ്ഞ ശേഷം ഓടി രക്ഷപ്പെടുകയുമായിരുന്നു.
Read more
ജില്ലയില്‍ അക്രമസംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഈ സാഹചര്യത്തില്‍ ‘ഓപ്പറേഷന്‍ കാവല്‍’ ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. രണ്ടിലധികം കേസുകളില്‍ പ്രതികളായിട്ടുള്ളവരെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി അവരുടെ വിവരങ്ങള്‍ ശേഖരിക്കാനുള്ള നടപടിയും ആരംഭിച്ചു.