'ആവേശത്തിമിർപ്പിൽ പുന്നമടക്കായൽ'; കാട്ടിൽതെക്കേതിൽ ജലരാജാവ്‌

68ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാട്ടിൽതെക്കേതിൽ ജേതാക്കൾ. 4.30.77 മിനിറ്റിലാണ് കാട്ടിൽ തെക്കേതിൽ ഒന്നാമതെത്തിയത്. പള്ളാത്തുരുത്തിയുടെ ഹാട്രിക് ജയമാണിത്. രണ്ടാം സ്ഥാനം കുമരകം കൈപ്പുഴമുട്ട് എൻസിഡിസി ബോട്ട് ക്ലബിന്റെ നടുഭാഗം ചുണ്ടനാണ്.  മൂന്നാം സ്ഥാനം പുന്നമട ബോട്ട് ക്ലബ്‌ തുഴഞ്ഞ വീയപുരം ചുണ്ടനും നാലാം സ്ഥാനം പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനുമാണ്.

2 വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ നെഹ്‌റു ട്രോഫി മത്സരത്തിൽ 20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മന്ത്രി കെ.എൻ ബാലഗോപാലാണ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്റ് ഗവർണർ റിട്ട. അഡ്മിറൽ ഡി.കെ ജോഷി മുഖ്യാതിഥിയായിരുന്നു. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്,പി.പ്രസാദ് തുടങ്ങിയവർ സന്നിഹിതരായ ചടങ്ങിൽ ജില്ലാ കലക്ടറും നെഹ്‌റു ട്രോഫി സൊസൈറ്റ് ചെയർമാനുമായ വി.ആർ കൃഷ്ണ തേജ സ്വാഗതം ആശംസിച്ചു. നിശ്ചയിച്ചതിലും 15 മിനിറ്റ് വൈകിയാണ് മത്സരങ്ങൾ ആരംഭിച്ചത്.