ഐ.എസുമായി ബന്ധമുണ്ടെന്ന് സംശയം: കൊല്ലം സ്വദേശിയെ ഖത്തറില്‍ നിന്നും വിളിച്ചു വരുത്തി, എന്‍.ഐ.എ തെരച്ചില്‍ നടത്തിയത് ആളും വീടും തെറ്റി

ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി (ഐഎസ്) ബന്ധമുണ്ടെന്ന സംശയത്തില്‍ എന്‍ഐഎ കൊല്ലം സ്വദേശിയെ ഖത്തറില്‍ നിന്നും വിളിച്ചു വരുത്തി. കരുനാഗപ്പള്ളി വവ്വക്കാട് സ്വദേശി മുഹമ്മദ് ഫൈസലിനെയാണ് എന്‍.ഐ.എ സംശയത്തെ തുടര്‍ന്ന് വിളിച്ചു വരുത്തിയത്. മുഹമ്മദ് ഫൈസലിനെ ഐ.എസ് റിക്രൂട്ട്മെന്റ് കേസില്‍ പതിനെട്ടാം പ്രതിയായാണ് ചേര്‍ത്തിരിക്കുന്നത്.

ഫൈസലിനോട് നാട്ടിലെത്താന്‍ ബന്ധുക്കള്‍ മുഖേനയാണ് എന്‍ഐഎ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് ഇന്നലെ ഫൈസല്‍ നെടുമ്പാശേരിയില്‍ വിമാനമിറങ്ങി നാട്ടിലെത്തി. കേരളത്തില്‍ ഐ.എസിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും ശ്രമം നടത്തിയ സംഘത്തില്‍ ഫൈസല്‍ അംഗമായിരുന്നെന്നാണ് എന്‍.ഐ.എ പറയുന്നത്.

അതേസമയം, എന്‍ഐഎയ്ക്ക് വലിയ ഒരു അബദ്ധം പിണഞ്ഞു. കൊല്ലത്തേക്ക് വിളിച്ചു വരുത്തിയ ഫൈസലിന്റെ വീടാണെന്ന് തെറ്റിദ്ധരിച്ച് ഓച്ചിറയിലെ മറ്റൊരു ഫൈസലിന്റെ വീട്ടിലാണ് എന്‍ഐഎ എത്തിയത്. ഐഎസ് റിക്രൂട്ട്‌മെന്റിന്റെ കണ്ണിയെ തേടി ചങ്ങന്‍കുളങ്ങരയില്‍ മുഹമ്മദ് ഫൈസല്‍ താമസിക്കുന്ന വാടകവീട്ടിലേക്ക് എന്‍ഐഎ ആളു മാറിയെത്തിയതോടെ വീട്ടുകാര്‍ പരിഭ്രാന്തരായി.

ഐ.എസുമായി ബന്ധമുണ്ടെന്ന കേസില്‍ എന്‍.ഐ.എ പ്രതി ചേര്‍ത്തത് കരുനാഗപ്പള്ളി വവ്വക്കാട് സ്വദേശി മുഹമ്മദ് ഫൈസല്‍ എന്ന അബു മര്‍വാന്‍ അല്‍ഹിന്ദിനെയാണ്. രണ്ട് പേരും ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്സും പൂര്‍ത്തിയാക്കിയതാണ്. ഈ സാമ്യമാണ് ചങ്ങരകുളങ്ങര സ്വദേശിയെ സംശയിക്കാന്‍ ഇടയാക്കിയതും വീടു മാറി അന്വേഷണത്തിന് എത്തിയതും.

Read more

എന്നാല്‍ എന്‍ഐഎ അന്വേഷണത്തിന് എത്തിയതോടെ ഫൈസലിനെ നാട്ടുകാര്‍ സംശയിക്കാന്‍ തുടങ്ങി. വാടക വീട്ടില്‍ നിന്ന് ഇറക്കി വിടാന്‍ ഉടമസ്ഥനോട് നാട്ടുകാര്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് പൊലീസ് തന്നെയാണ് മുഹമ്മദ് ഫൈസല്‍ നിരപരാധിയാണെന്നും എന്‍ഐഎയ്ക്ക് ആള് മാറിയതാണെന്നും സ്ഥിരീകരിച്ചത്.