കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. നവീൻ ബാബുവിന്റെ ഭാര്യയാണ് ഹർജി നൽകിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ പി പി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ ആക്ഷേപം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം നിലപാടെടുത്തിരുന്നു. എന്നാൽ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്.
അതേസമയം കൂടുതൽ നടപടികൾ ആലോചിക്കുന്നുവെന്ന് കുടുംബം അറിയിച്ചു. ഹർജി തള്ളിയതിൽ നിരാശ ഉണ്ടെന്നും കൂടുതൽ നിയമനടപടികൾ ആലോചിച്ച് നടപ്പിലാക്കുമെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞു. കേരളം പൊലീസിന്റെ ഭാഗത്ത് നിന്നും നീതി ലഭിക്കില്ലെന്നും മഞ്ജുഷ പറഞ്ഞു.