ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാം, ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനും അനുമതി; നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍

സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ്. ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി. ബാറുകള്‍ക്കും ഇളവുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന് കോവിഡ് അവലോകന യോഗത്തിലാണ്  തീരുമാനം. നിയന്ത്രണങ്ങളില്‍ ഇളവ് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിക്കും.

ഇന്നു ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിലാണ് പുതിയ ഇളവുകളുടെ കാര്യത്തില്‍ തീരുമാനമായത്. വൈകീട്ട് ആറിന് വാര്‍ത്താസമ്മേളനത്തിലൂടെ മുഖ്യമന്ത്രി പുതിയ ഇളവുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കും.

നിബന്ധനകളോടെയാകും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാനും ബാറുകളില്‍ ഇരുന്ന് മദ്യം കഴിക്കാനുമുള്ള അനുമതി നല്‍കുക. പ്രവേശനം 50 ശതമാനം പേര്‍ക്ക് മാത്രമായിരിക്കും. രണ്ട് ഡോസ് വാക്‌സിനെടുക്കുകയും വേണം. എ.സി പ്രവര്‍ത്തിക്കാനും പാടില്ലെന്നും നിര്‍ദേശമുണ്ട്.

Read more

വിദ്യാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം, തിയറ്ററുകള്‍ തുറക്കാന്‍ അനുമതി നല്‍കില്ലെന്നാണ് അറിയുന്നത്. കൂടുതല്‍ ഇളവുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ പുറത്തുവരും.