കളമശ്ശേരി പോളിടെക്നിക്ക് ഹോസ്റ്റലിൽ പിടികൂടിയ കഞ്ചാവെത്തിച്ചത് മൂന്നാം വർഷ വിദ്യാർത്ഥിക്ക് വേണ്ടിയെന്ന് മൊഴി. കേസിൽ ഇന്ന് അറസ്റ്റിലായ പൂർവ്വവിദ്യാർത്ഥികളാണ് മൊഴി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്യാമ്പസിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയിലേക്കും അന്വേഷണം വ്യാപിപ്പിക്കും.
കേസിലെ പ്രധാന കൊല്ലം സ്വദേശിയായ മൂന്നാം വർഷ വിദ്യാർത്ഥിയാണെന്ന നിഗമനത്തിലാണ് പൊലീസ്. ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. കഞ്ചാവ് എത്തിച്ചത് ഇയാൾക്ക് വേണ്ടിയാണെന്നാണ് ഇന്ന് അറസ്റ്റിലായ ആഷിഖ്, ഷാലിക്കും മൊഴി നൽകിയത്. മൂന്നാം വർഷ വിദ്യാർത്ഥിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതേസമയം മൂന്നാം വർഷ വിദ്യാർത്ഥിയുടെ അക്കൗണ്ടിൽ നിന്നാണ് കഞ്ചാവിനായി പണം നൽകിയതെന്നും പൊലീസിന് വിവരം ലഭിച്ചു.
അതേസമയം കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് വില്പന ഇടപാടുകൾ നടന്നത് വാട്‌സ്ആപ്പിലൂടെ ആണെന്ന വിവരവും പുറത്ത് വന്നു. കഞ്ചാവ് വിൽപനയ്ക്ക് ഡിസ്കൗണ്ട് സെയിലും പ്രീബുക്കിംഗ് ഓഫറും ഉണ്ടായിരുന്നു. മുൻകൂർ പണം നൽകുന്നവർക്ക് വിലയിളവ് നൽകിയും കഞ്ചാവ് വിറ്റു. ഒരു പൊതി കഞ്ചാവ് വിൽപ്പനയ്ക്ക് വച്ചത് 500 രൂപക്കാണ്. ക്യാംപസിൽ കഞ്ചാവ് എത്തും മുൻപ് ബുക്ക് ചെയ്‌തവർക്ക് 300 രൂപക്ക് നൽകുമെന്നും പൊലീസ് കണ്ടെത്തി.