വയനാട്ടില്‍ നരഭോജി കടുവയെ പിടികൂടുന്നതിനായി നിരോധനാജ്ഞ. മാനന്തവാടി നഗരസഭ പരിധിയിലെ പഞ്ചാരക്കൊല്ലി, പിലാക്കാവ്, ജെസി, ചിറക്കര ഡിവിഷനുകളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചിരിക്കുന്നത്. ജനുവരി 24 മുതല്‍ 27 വരെയാണ് നിരോധനാജ്ഞ. പ്രദേശത്ത് നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.
സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഭാരതീയ ന്യായ സംഹിത 163 പ്രകാരമാണ് നടപടിയെടുത്തത്. അതേസമയം കടുവയുടെ ആക്രമണത്തില്‍ രാധയെന്ന സ്ത്രീ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് യുഡിഎഫ് മാനന്തവാടി നഗരസഭയില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
നരഭോജി കടുവയെ പിടികൂടുന്നതിനായി സ്ഥലത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. പ്രദേശത്ത് കടുവയെ തിരയുന്നതിനായി ക്യാമറ ട്രാപ്പുകളും വനംവകുപ്പ് സ്ഥാപിച്ചു.
വയനാട്ടില്‍ ആദിവാസി സ്ത്രീയെ കൊന്ന കടുവയെ വെടിവച്ചു കൊല്ലാനുള്ള നടപടി ഇന്നു തന്നെ സ്വീകരിക്കുമെന്ന് മന്ത്രി ഒആര്‍ കേളു പറഞ്ഞു. കടുവയെ നരഭോജി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി വെടിവച്ച് കൊല്ലാനുള്ള ഉത്തരവായിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രദേശത്ത് ആര്‍ആര്‍ടി സംഘത്തെ വിന്യസിച്ചുവെന്നും മന്ത്രി അറിയിച്ചു. അതേസമയം മരിച്ച രാധയുടെ കുടുംബത്തിന് 11 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും അഞ്ച് ലക്ഷം രൂപ ഇന്ന് തന്നെ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
Read more
സ്ഥലത്ത് കൂട് സ്ഥാപിക്കാനും തീരുമാനമായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഫെന്‍സിംഗ് നടപടികള്‍ ജനകീയപിന്തുണ അടക്കമുള്ള സാധ്യമായ മാര്‍ഗങ്ങള്‍ എല്ലാം തേടി പെട്ടന്ന് തന്നെ പൂര്‍ത്തിയാക്കാനും തീരുമാനിച്ചു. മക്കളില്‍ ആര്‍ക്കെങ്കിലും ജോലി നല്‍കണമെന്ന് രാധയുടെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്. അക്കാര്യം മന്ത്രിസഭയില്‍ ഉന്നയിക്കാനും നടപ്പാക്കാനും വനം മന്ത്രി തന്നെ മുന്‍കൈയെടുക്കുമെന്നും മന്ത്രി അറിയിച്ചു.