'ഉത്തരം താങ്ങുന്ന പല്ലികളെ പോലെയാണ് ചില നേതാക്കള്‍'; കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായിരുന്നില്ലെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍

ഉത്തരം താങ്ങുന്ന പല്ലികളെ പോലെയാണ് ചില നേതാക്കളെന്ന് കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായിരുന്നില്ലെന്നും ഉണ്ണിത്താന്‍ വ്യക്തമാക്കി.കേരളം ആകാംക്ഷയോടെ ഉറ്റു നോക്കിയ ​അഞ്ചു മണ്ഡലങ്ങളിലെ ഉപ തിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ കോന്നിയിലും വട്ടിയൂര്‍ക്കാവിലും എല്‍ഡിഎഫ് അട്ടിമറി വിജയമാണ് നേടിയിരിക്കുന്നത്.

കോന്നിയിലും വട്ടിയൂര്‍ക്കാവിലും കോണ്‍ഗ്രസ് ഒറ്റക്കെട്ടായിരുന്നില്ല. ചില നേതാക്കള്‍ നല്‍കിയത് തെറ്റായ സന്ദേശമാണ്. എത്ര ഉന്നതനായാലും പാര്‍ട്ടി അന്വേഷിച്ച് നടപടി എടുക്കണം. കാര്യങ്ങള്‍ തുറന്നു പറയാന്‍ ആരെങ്കിലും വേണമല്ലോ. അതിനാലാണ് കാര്യങ്ങള്‍ തുറന്ന് പറയുന്നത്. ഉത്തരം താങ്ങുന്ന പല്ലികളെ പോലെയാണ് ചില നേതാക്കള്‍ അവരുള്ളതു കൊണ്ടാണ് പാര്‍ട്ടി നിലനില്‍ക്കുന്നതെന്ന വിചാരം തെറ്റാണെന്നും ഉണ്ണിത്താന്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ഇടത് തേരോട്ടം. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത് 14251 വോട്ടിന്റെ ഭൂരിപക്ഷം നേടി  വിജയിച്ചത്.50545 വോട്ടുകളാണ് വി.കെ പ്രശാന്തിന് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. മോഹന്‍ കുമാറിന് 37240 ഉം, ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സുരേിന് 26295 വോട്ടുകളുമാണ് ലഭിച്ചത്.

കോന്നി മണ്ഡലത്തിൽ സിപിഎം സ്ഥാനാർത്ഥി  ജെനീഷ് കുമാർ വിജയിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥി പി മോഹൻരാജിനെയാണ്  ജെനീഷ്  തന്റെ കന്നിയങ്കത്തിൽ പരാജയപ്പെടുത്തിയത്. 10031 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം. 1982 നു ശേഷം  മണ്ഡലത്തിലെ മൂന്നാമത്തെ സിപിഎം വിജയമാണിത്.