രഞ്ജിത്തിന്റെ കൊലപാതകം; പത്ത് എസ്.ഡി.പി.ഐ പ്രവർത്തകർ അറസ്റ്റിൽ

ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസൻ കൊല്ലപ്പെട്ട കേസിൽ പത്ത് പേർ അറസ്റ്റിൽ. ഇവരെല്ലാവരും എസ്.ഡി.പി. ഐ പ്രവർത്തകരാണ്. ഇന്നലെ രാത്രിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അറസ്റ്റിലായവരിൽ മൂന്നുപേർ കൊലയാളി സംഘങ്ങളുമായി ബന്ധമുള്ളവരാണെന്നാണ് പ്രാഥമിക വിവരം. സംശയസ്പദമായി കണ്ടെത്തിയ രണ്ട് ബൈക്കും പൊലീസ് പരിശോധിക്കുന്നുണ്ട്. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കൊലപാതകം എന്നതിനാൽ പ്രതികൾ ആരുംതന്നെ മൊബൈല്‍ ഫോൺ ഉപയോഗിച്ചിരുന്നില്ല എന്നാണ് നിഗമനം.  കൊലയാളികളെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി കൂടുതല്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

Read more

അതേസമയം ഷാന്‍ വധക്കേസില്‍ അറസ്റ്റിലായ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകരെയും കോടതി റിമാന്‍ഡ് ചെയ്തു. പ്രത്യക്ഷത്തില്‍ പ്രശ്നങ്ങളില്ലെങ്കിലും ജില്ലയില്‍ സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുവെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ നിരോധനാജ്ഞ നീട്ടിയിരുന്നു. സമാധാനം പുനസ്ഥാപിക്കാൻ സര്‍വകക്ഷി യോഗം ഇന്ന് വൈകീട്ട് നാലിന് കളക്ടറേറ്റിൽ ചേരും. മന്ത്രിമാരായ സജി ചെറിയാനും പി പ്രസാദും മറ്റു ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും പങ്കെടുക്കും.