ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ പാലക്കാട് മണ്ഡലത്തില്‍ അനുദിനം ഉടലെടുക്കുന്നത് വ്യത്യസ്ത രാഷ്ട്രീയ സംഭവ വികാസങ്ങളാണ്. മണ്ഡലത്തില്‍ ആദ്യം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിട്ട പി സരിനെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി എല്‍ഡിഎഫ് തിരഞ്ഞെടുക്കുകയായിരുന്നു.
ബിജെപിയില്‍ ആദ്യഘട്ടത്തില്‍ സി കൃഷ്ണകുമാറിനെ കൂടാതെ ശോഭ സുരേന്ദ്രനും സന്ദീപ് വാര്യരും പരിഗണനയിലുണ്ടായിരുന്നെങ്കിലും സി കൃഷ്ണകുമാറിനെ സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി പ്രഖ്യാപിക്കുകയായിരുന്നു. ഇതിന് പിന്നാലെ ബിജെപിയില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. പാര്‍ട്ടിയിലെ മുറുമുറുപ്പ് പരസ്യമായിത്തുടങ്ങി.
അപമാനിതനായ ഇടത്തേക്ക് ഇനിയില്ലെന്ന നിലപാടുമായി സന്ദീപ് വാര്യര്‍ കൂടി എത്തിയതോടെ ബിജെപി പ്രതിസന്ധിയിലായി. പിന്നാലെ പരസ്യ പ്രസ്താവനകളും വിമര്‍ശനങ്ങളുമായി സന്ദീപ് വാര്യര്‍ കളം പിടിച്ചത് ബിജെപിയ്ക്ക് തലവേദനയായിട്ടുണ്ട്. സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ ശോഭ സുരേന്ദ്രനും കെസുരേന്ദ്രനും സമാനമായ പിന്തുണയുള്ള ആളാണ് സന്ദീപ് വാര്യര്‍.
ബിജെപി നേതാക്കള്‍ പരസ്യ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെ ബിജെപിയിലെ ആഭ്യന്തര കലാപം പാലക്കാട് മണ്ഡലത്തിലെ ബിജെപി പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് തുടങ്ങിയിട്ടുണ്ട്. ഇതോടെയാണ് പാലക്കാട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചുമതല ഏറ്റെടുത്ത് ആര്‍എസ്എസ് രംഗത്ത് വന്നത്.
ബിജെപി വോട്ടുകള്‍ ചോരാതിരിക്കാന്‍ ആര്‍എസ്എസ് ബൂത്ത് തലം മുതലുള്ള പാലക്കാട് മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതുകൂടാതെ സന്ദീപ് വാര്യരോട് പരസ്യ പ്രസ്താവനകളില്‍ നിന്ന് പിന്‍മാറാന്‍ ആര്‍എസ്എസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സമവായ ചര്‍ച്ചകള്‍ക്ക് ആര്‍എസ്എസ് നേതൃത്വം വഹിക്കാമെന്നും സന്ദീപിനെ അറിയിച്ചു.