നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖം; പ്രതികരണം സദുദ്ദേശപരമായിരുന്നുവെന്ന് പി പി ദിവ്യ

കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖംമുണ്ടെന്ന് പി പി ദിവ്യ. പ്രതികരണം സദുദ്ദേശപരമായിരുന്നുവെന്നും വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും പി പി ദിവ്യ പറഞ്ഞു. ജയിലിൽ നിന്നും പുറത്തിറങ്ങിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി പി ദിവ്യ.

ജയിൽ നിന്നും പുറത്തിറങ്ങിയ പി പി ദിവ്യയെ സിപിഎം പ്രവർത്തകർ ചേർന്നാണ് സ്വീകരിച്ചത്. കേസിൽ കൃത്യമായ അന്വേഷണം വേണമെന്നും സത്യം തെളിയുമെന്നും ദിവ്യ പറഞ്ഞു. നവീൻ ബാബുവിന്റെ കുടുംബത്തെപ്പോലെ തന്നെ തന്റെയും ആഗ്രഹം അതാണ്. താനിപ്പോഴും നിയമത്തിൽ വിശ്വസിക്കുന്നു. അതേസമയം തന്റെ നിരപരാധിത്വം കോടതിയിൽ തെളിയിക്കുമെന്നും ദിവ്യ പറഞ്ഞു.

തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യ ഹർജിയിൽ വിധി പറഞ്ഞത്. ജില്ലാ വിടാൻ പാടില്ലെന്ന ഉപാധികളോടെയാണ് ജാമ്യം നൽകിയിരിക്കുന്നത്. പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിലാണ് പിപി ദിവ്യ. ചൊവ്വാഴ്ചയായിരുന്നു ദിവ്യയുടെ റിമാൻഡ് കാലാവധി അവസാനിക്കുന്നത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാൽ ഹൈക്കോടതിയെ സമീപിക്കാനായിരുന്നു ദിവ്യയുടെ തീരുമാനം.

അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്നും ദിവ്യ കോടതിയിൽ സമ്മതിച്ചിരുന്നു. എന്നാൽ ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷനും നവീൻ ബാബുവിന്‍റെ കുടുംബവും എതിർത്തു.

Read more