കാനത്തിന് വിട നല്‍കി ജന്മനാട്; സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ; അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ജന്മനാട് വിട നല്‍കി. രാവിലെ 11ന് കോട്ടയം വാഴൂര്‍ കാനത്തെ വീട്ടുവളപ്പിലായിരുന്നു സര്‍ക്കാര്‍ ബഹുമതികളോടെ സംസ്‌കാരം. ഇന്നലെ കൊച്ചിയില്‍ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിച്ച മൃതദേഹം പിഎസ് സ്മാരകത്തില്‍ ഉള്‍പ്പെടെ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ആയിരങ്ങളാണ് പ്രിയ സഖാവിന് തിരുവനന്തപുരത്ത് അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

ഉച്ചയോടെ തിരുവനന്തപുരത്ത് നിന്ന് കാനത്തിന്റെ മൃതശരീരവുമായി കോട്ടയത്തേക്ക് പുറപ്പെട്ട വിലാപയാത്ര ഇന്ന് പുലര്‍ച്ചെ രണ്ട് മണിയ്ക്ക് ശേഷമാണ് കാനത്തെ വീട്ടിലെത്തിയത്. വിലാപയാത്ര കടന്നുപോയ ഇടങ്ങളിലെല്ലാം ആളുകള്‍ തിങ്ങി നിറഞ്ഞതോടെയാണ് യാത്ര മണിക്കൂറുകള്‍ വൈകിയത്. പുലര്‍ച്ചെ 1ന് കോട്ടയം സിപിഐ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷമായിരുന്നു വീട്ടിലേക്ക് കൊണ്ടുവന്നത്.

രാത്രി വൈകിയും എംസി റോഡിന്റെ ഇരുവശങ്ങളിലും കാനത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ഒട്ടേറെ പേര്‍ കാത്തുനിന്നിരുന്നു. മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, ജിആര്‍ അനില്‍ എന്നിവര്‍ ഇന്നലെ മുതല്‍ കാനത്തിന്റെ മൃതശരീരത്തെ അനുഗമിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഒട്ടേറെ പ്രമുഖരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.

നീണ്ട 52 വര്‍ഷം സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു കാനം. രണ്ട് തവണ വാഴൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് എംഎല്‍എ ആയിട്ടുണ്ട്. 1982ലും 1987ലുമാണ് കാനം നിയമസഭയിലെത്തിയത്. മൂന്ന് തവണ സിപിഐ സംസ്ഥാന സെക്രട്ടറിയായി നിയോഗിക്കപ്പെട്ടു. വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്എഫില്‍ നിന്നായിരുന്നു കാനം രാജേന്ദ്രന്റെ തുടക്കം. പത്തൊന്‍പതാം വയസില്‍ കാനം എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയായി.

പിന്നീട് എഐടിയുസിയില്‍ സജീവമായി പ്രവര്‍ത്തിക്കുകയും തൊഴിലാളി പ്രസ്ഥാനത്തിലെ പ്രവര്‍ത്തന മികവിലൂടെ ജനശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. സിപിഐ സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴും ഇടതുപക്ഷമുന്നണിയ്ക്കുള്ളിലെ പ്രധാന തിരുത്തല്‍ ശക്തിയായി കാനം പ്രവര്‍ത്തിച്ചുവരികയായിരുന്നു.