'പാങ്ങോടെ എസ്ഡിപിഐയുടെ വിജയം ഗൗരവമുള്ള വിഷയം, പാർട്ടി പരിശോധിക്കണം'; രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരത്തെ പാങ്ങോട് കോൺഗ്രസ് വാർഡിൽ എസ്ഡിപിഐ വിജയിച്ചത് ഗൗരവമുള്ള വിഷയമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. മതേതര ചേരിയിൽ ഇല്ലാത്ത ഒരു പാർട്ടി ജയിക്കുന്നത് ഗൗരവമുള്ള വിഷയം തന്നെയാണ്. പാർട്ടി വിഷയം പരിശോധിക്കണം. അതിനെ പാലക്കാട് തിരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടാൻ സിപിഐഎം ശ്രമിക്കേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

പാലക്കാട് ജനത ഒന്നാകെയാണ് തന്നെ വിജയിപ്പിച്ചത്. തന്റെ വിജയത്തിൽ കോൺഗ്രസ് പാർട്ടി എസ്ഡിപിഐയുമായി ചേർന്ന് പ്രകടനം നടത്തിയിട്ടില്ല. എസ്ഡിപിഐ പ്രകടനം നടത്തിയത് ക്രമസമാധാന പ്രശ്‌നമാണെങ്കിൽ അത് തടയേണ്ടത് പൊലീസ് ആണ്. എസ്ഡിപിഐയെ വിജയിപ്പിക്കേണ്ട ബാധ്യത കോൺഗ്രസിനില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

ശശി തരൂർ നൽകിയ അഭിമുഖത്തിന്റെ പോഡ്കാസ്റ്റ് കേട്ടിട്ടില്ല. തരൂരിനെ കുറിച്ച് തെറ്റായ വാർത്ത വന്നപ്പോഴാണ് പ്രതികരിച്ചത്. ശശി തരൂർ മറ്റ് രാഷ്ട്രീയ കക്ഷികൾക്കൊപ്പം ചേരും, മറ്റ് ഓപ്ഷനുകൾ ഉണ്ട് എന്ന പറഞ്ഞതായുള്ള തെറ്റായ വാർത്തകൾക്കെതിരെയാണ് ഇന്നലെ പ്രതികരിച്ചത്. പോഡ്കാസ്റ്റ് കേട്ടതിനു ശേഷം വിഷയത്തിൽ പ്രതികരിക്കുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

Read more

കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രിയായി എത്തുന്ന കോൺഗ്രസ് നേതാക്കളെ കുറിച്ചാണ് ഇപ്പോൾ ചർച്ച. അതിനെ പോസിറ്റീവായി കാണുന്നു. ആരും സിപിഐഎം നേതാക്കളെ കുറിച്ച് ചർച്ച ചെയ്യുന്നില്ല. അടുത്ത ഭരണം കോൺഗ്രസിന് ലഭിക്കും എന്നതിന്റെ ശുഭസൂചനയായി മാത്രമാണ് ഇത്തരം ചർച്ചകളിൽ കാണുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.